കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ കെ റെയിൽ പ്രതിഷേധക്കാർക്കെതിരെ കേസെടുത്തു. 150 പ്രതിഷേധക്കാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥയുടെ കണ്ണിൽ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്ക് തകരാറ് പറ്റിയതായും പോലീസ് പറഞ്ഞു.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണിലാണ് മണ്ണെണ്ണ വീണത്. ഇത് സംബന്ധിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, മാടപ്പള്ളിയിലും ചോറ്റാനിക്കരയിലും ഇന്ന് കല്ലിടൽ വീണ്ടും തുടങ്ങും. മാത്രമല്ല അതിരടയാള കല്ലുകൾ പിഴുതെറിയുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പോലീസ് കല്ല് പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കും. പിന്നീട് അതിന് പിഴ അടക്കം ഈടാക്കാനാണ് കെ റെയിൽ അധികൃതരുടെ തീരുമാനം. മാത്രവുമല്ല പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്.

