Monday, May 20, 2024
spot_img

കെ സുധാകരൻ വീണ്ടും കെപിസിസി അദ്ധ്യക്ഷൻ; ചടങ്ങിൽ നിന്ന് വിട്ട് നിന്ന് പ്രമുഖ നേതാക്കൾ; സ്ഥാനം ഏറ്റെടുത്തത് താത്കാലിക അദ്ധ്യക്ഷനായിരുന്ന എം എം ഹസന്റെ അസാന്നിദ്ധ്യത്തിൽ

തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. ഇന്ന് രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. ഇതിന് മുമ്പ് മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. അതേസമയം ചടങ്ങിൽ നിന്ന് സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളും വിട്ടു നിന്നു. സ്ഥാനം കൈമാറാൻ താത്കാലിക അദ്ധ്യക്ഷനായിരുന്ന എം എം ഹസൻ എത്തിയതുമില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയാകേണ്ടി വന്നതിനെ തുടർന്നാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തൽക്കാലത്തേക്ക് മാറിനിന്നത്. താൽക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസൻ‌ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി അദ്ധ്യക്ഷന്റെ ചുമതലകൾ തിരികെ ലഭിക്കണമെന്ന് എഐസിസി നേതൃത്വത്തോടു സുധാകരൻ ആവശ്യപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥാനം തിരികെ ലഭിക്കാത്തതിനാൽ കെ സുധാകരൻ കടുത്ത അതൃപ്തിയിലാണ് എന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാല് വരെ താത്കാലിക അദ്ധ്യക്ഷൻ എം എം ഹസനോട് തൽസ്ഥാനത്ത് തുടരാൻ സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരി ദീപാ ദാസ് മുൻഷി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കെ. സുധാകരന്റെ അതൃപ്തി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നത്.

തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് എഐസിസി നിർദേശമെന്നും എന്നാൽ അതിനു മുൻപ് നിർദേശം ലഭിച്ചാൽ ഒഴിയുമെന്നുമായിരുന്നു ഹസന്റെ പ്രതികരണം.

Related Articles

Latest Articles