Sunday, May 12, 2024
spot_img

കേസിൽ നേരിട്ടോ അല്ലാതെയോ ബന്ധമില്ല; മോൻസൺ മാവുങ്കലിനെ കാണാൻ പോയത് കൺപോളയിലെ കറുപ്പ് മാറ്റാൻ; കേസ് കാട്ടി പീഡിപ്പിക്കാൻ നോക്കേണ്ട; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നല്ലെങ്കിൽ നാളെ അകത്തുപോകേണ്ടയാൾ; പ്രതികരണവുമായി കെ സുധാകരൻ

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു സാമ്പത്തിക തട്ടിപ്പുമായി തനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും, കേസ് നിയമപരമായി പഠിക്കുകയാണെന്നും കെ പി സിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് അതിൽ ഉറച്ചു നിൽക്കുന്നു. കേസിൽ എങ്ങിനെ പ്രതിയായെന്ന് പരിശോധിച്ചു വരികയാണ്. പരാതിക്കാർ നേരത്തെ തന്റെ പേര് പറഞ്ഞിരുന്നില്ല. മോൻസൺ മാവുങ്കലും തന്റെ പേര് എവിടെയും പറഞ്ഞിട്ടില്ല. ഇപ്പോളെങ്ങനെയാണ് പരാതിക്കാർ തനിക്കെതിരെ തിരിഞ്ഞതെന്ന് അന്വേഷിക്കും. ഇതിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും രാഷ്ട്രീയ ഗൂഡാലോചനക്ക് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

തന്റെ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാനാണ് മോൻസൺ മാവുങ്കലിനെ കാണാൻ പോയത്. പരാതിക്കാരുമായി തനിക്ക് ഒരു ബന്ധവുമില്ല. പത്തുലക്ഷം വാങ്ങിയെന്നത് വസ്തുതക്ക് നിരക്കുന്ന ആരോപണമല്ല. വനം വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ തന്റെ മുന്നിൽ കോടികൾ കൊയ്യാനുള്ള അവസരമുണ്ടായിരുന്നു. പക്ഷെ അത് താൻ ഉപയോഗിച്ചിട്ടില്ലെന്നും പിന്നെയാണ് പത്തുലക്ഷമെന്നും അദ്ദേഹം പരിഹസിച്ചു. ചോദ്യം ചെയ്യലിന് പാർട്ടി പരിപാടികളുടെ തിരക്ക് കാരണം നാളെ ഹാജരാകുന്നില്ല. അക്കാര്യം പോലീസിനെ അറിയിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണ്ണക്കടത്ത് അടക്കമുള്ള വലിയ കൊള്ളകളുടെ ആരോപണമുണ്ട് ഇതിനെതിരെ ഒരു കേസും എടുത്തിട്ടില്ല. ഇന്നല്ലെങ്കിൽ നാളെ ഇതെല്ലാം തെളിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അകത്തുപോകേണ്ടയാളാണെന്നും സുധാകരൻ ആരോപിച്ചു.

Related Articles

Latest Articles