കോഴിക്കോട്: കെ റെയില്‍ (K Rail) ഉപേക്ഷിക്കാന്‍ ദുരഭിമാനം കളഞ്ഞ് മുഖ്യമന്ത്രി രംഗത്തുവരണമെന്ന് ബി.ജെ.പി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അടിയന്തരമായി കെ റെയിലുമായി ബന്ധപ്പെട്ട സര്‍വേ നടപടി നിര്‍ത്തിവെക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ റെയില്‍ ഉപേക്ഷിച്ച് റെയില്‍വേയെ കൂടുതല്‍ ശക്തിപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടത്. കെ റെയിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും അതിന്റെ ചിലവിനെ സംബന്ധിച്ച ധാരണകളും പ്രധാനപ്പെട്ടതാണെന്നാണ് റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞത്. അത് തന്നെയാണ് ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പി ആർ ഏജൻസികൾ പറയുന്നതിന് അനുസരിച്ചാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുകയാണ്. കേന്ദ്രം ഇതുവരെ ഒരു അനുമതിയും കെ റെയിലിന് നൽകിയിട്ടില്ല. രാജ്യത്തെ മുഖ്യമന്ത്രിമാർ വരുമ്പോൾ അത് പ്രധാനമന്ത്രി അനുഭാവപൂർവം കേൾക്കും. അത് പതിവാണ്. അതിന് സിൽവർ ലൈനിന് അനുമതി നൽകിയെന്ന് വ്യാഖ്യാനമില്ലെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

