തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് – യു.ഡി.എഫ് ഒത്തുകളിയുടെ ഭാഗമാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണങ്ങള്‍ മറന്നുകൊണ്ടാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഒത്തുകളി രാഷ്ട്രീയത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. യു.ഡി.എഫിന് വോട്ട് ചെയ്ത ജനങ്ങളെ നേതൃത്വം വഞ്ചിക്കുകയാണ് ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണോ സതീശനും രമേശ് ചെന്നിത്തലയും പിണറായി വിജയനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്ന സംശയം പൊതുജനങ്ങള്‍ക്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സി.എം.ആര്‍.എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകളിലാണ് സര്‍ക്കാരിന്റെ നിലപാട് വിവാദമായത്. കേസെടുക്കാന്‍ തക്ക തെളിവുകളില്ലെന്ന് വാദിച്ച് പിണറായി വിജയന്റെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരം ഒരു നിലപാട് സ്വീകരിക്കാനുള്ള കാരണം പൊതുജനങ്ങളോട് വിശദീകരിക്കാന്‍ തയ്യാറാകണം.
സാധാരണക്കാരെന്നോ അധികാരത്തിലിരിക്കുന്നവരെന്നോ വേര്‍തിരിവില്ലാതെ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണം. മാസപ്പടി ഇടപാട് കേവലം രാഷ്ട്രീയ ആരോപണങ്ങളില്‍ ഒതുക്കാതെ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണം. സാമ്പത്തിക ഇടപാടുകളുടെ യഥാര്‍ത്ഥ സ്വഭാവം അന്വേഷിച്ച് നിയമപരമായ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും മറ്റുള്ളവരും സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയ തീരുമാനത്തെ കെ. സുരേന്ദ്രന്‍ സ്വാഗതം ചെയ്തു.

