പാലക്കാട്: രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നയപ്രഖ്യാപനത്തിനായി ഇന്ന് രാവിലെ നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ക്കെതിരെ ഗോബാക്ക് വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭ പ്രവേശന കവാടത്തില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. കേരള നിയമസഭയേയും കേരളത്തേയും അപമാനിച്ച ഗവര്‍ണറുമായി സര്‍ക്കാരും സ്പീക്കറും കൈകോര്‍ത്തിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

