Sunday, May 19, 2024
spot_img

‘ഗവർണർക്കെതിരായ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെ; ഗവർണറെ ആക്രമിക്കുന്നത് ബിജെപിക്ക് കണ്ടുനിൽക്കാനാവില്ല’ – രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

ഗവർണർക്കെതിരായ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ ഇതേ ആരോപണം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉന്നയിച്ചിരുന്നു.

“സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയേറ്റത് കൊണ്ടാണ് ഗവർണറെ ആക്രമിക്കുക എന്ന പ്രാകൃത അജണ്ടയിലേക്ക് സിപിഎം പോകരുത്. എക്സ്കോർട്ട് വാഹനങ്ങൾ വേഗത കുറച്ച് ഗവർണറെ ആക്രമിക്കാൻ കൂട്ടുനിൽക്കുകയാണ്. പോലീസിന്റെ ഒത്താശയോടെയാണ് ഗവർണർക്കെതിരെ ആക്രമണം നടക്കുന്നത്. സമ്പൂർണമായ ക്രമസമാധാന തകർച്ചയാണ് കേരളത്തിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. ഗവർണറെ ആക്രമിക്കുന്നത് ബിജെപിക്ക് കണ്ടുനിൽക്കാനാവില്ല. – കെ.സുരേന്ദ്രൻ പറഞ്ഞു.

ദില്ലിയിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഗവർണറുടെ കാറിന്റെ ചില്ലിൽ പ്രവർത്തകർ ആഞ്ഞിടിച്ചതോടെ ഗവർണർ പുറത്തിറങ്ങി. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്നു ഗവർണർ തുറന്നടിച്ചു. സംഭവത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗവർണർ പുറത്തിറങ്ങിയോടെ എസ്എഫ്ഐ പ്രവർത്തകർ ഓടി ഒളിച്ചു.

‘‘മുഖ്യമന്ത്രി കണ്ണൂരിൽ സ്വീകരിച്ച അതേ ശൈലി ഇവിടെയും പിന്തുടരാൻ ശ്രമിക്കുന്നു. എന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകി. മുഖ്യമന്ത്രി അറിയാതെ എന്റെ വാഹനത്തിന്റെ ഗ്ലാസിൽ ഇടിക്കാൻ പ്രതിഷേധക്കാർക്ക് എങ്ങനെ കഴിഞ്ഞു? ബ്ലഡി ക്രിമിനൽസ്… കാറിൽ വന്ന് ആഞ്ഞടിക്കുന്നതാണോ ജനാധിപത്യം? എനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഇങ്ങനെ ചീറി അടുത്താൽ എന്താകും സ്ഥിതി?

എസ്എഫ്ഐ എന്നെ ഒന്നും ചെയ്തിട്ടില്ല. അവർ റോഡിൽ നിൽക്കുന്നത് കണ്ടു ഞാൻ പുറത്തിറങ്ങി. എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ട. എന്നെ കണ്ടിട്ട് അവർ എന്തിനാണ് ഓടിപ്പോകുന്നത്. മുഖ്യമന്ത്രിയാണ് ഈ ആളുകളെ അയയ്ക്കുന്നത്. എന്നെ ശാരീരികമായി ഉപദ്രവിക്കൽ തന്നെയാണ് അവരുടെ ലക്ഷ്യം. തിരുവനന്തപുരത്തിന്റെ റോഡുകളിൽ നടക്കുന്നത് ഗുണ്ടാ ഭരണമാണ്. അത് അനുവദിക്കില്ല. ഇത്തരം ഗുണ്ടായിസങ്ങൾ അനുവദിക്കാനാവില്ല.

വൃത്തികെട്ട ഗുണ്ടാകളി എന്നോട് വേണ്ട. ഭരണഘടനാ സംവിധാനം തകർന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എന്നെ കായികമായി നേരിടാനാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്. ഈ സുരക്ഷയാണോ എനിക്കുവേണ്ടി ഒരുക്കിയത്? ക്രിമിനലുകളാണ് എനിക്കെതിരെ പ്രതിഷേധിക്കുന്നത്. കായികമായി നേരിടാനാണ് എസ്എഫ്ഐയുടെ ശ്രമം. ഭീഷണിപ്പെടുത്താനാണു നീക്കമെങ്കിൽ വിലപ്പോവില്ല. ഗുണ്ടകളെ ഭരിക്കാൻ അനുവദിക്കില്ല. ഇങ്ങനെയാണെങ്കിൽ സാധാരണക്കാരായ പാവങ്ങൾ എന്തു ചെയ്യും?’’– ഗവർണർ ക്ഷോഭത്തോടെ പറഞ്ഞു.

Related Articles

Latest Articles