Saturday, September 26, 2026

മന്ത്രിമാരുടെ ധൂർത്തിന് കയ്യും കണക്കുമില്ല! പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന മനസ്സാക്ഷിയില്ലാത്തവർ: കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ധൂർത്ത് നടത്തുന്ന പിണറായി സർക്കാർ: രൂക്ഷമായ വിമർശനവുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ധൂർത്ത് നടത്തുന്ന പിണറായി സർക്കാറിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനെയാണ് സുരേന്ദ്രൻ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്.

വികസന മുരടിപ്പും അഴിമതിയും കെടുകാര്യസ്ഥതയുമല്ലാതെ പിണറായി സർക്കാരിന് എന്താണ് അവകാശപ്പെടാനുള്ളതെന്ന് സുരേന്ദ്രൻ ചോദ്യമുന്നയിച്ചു. കെ‍.എസ്.ആർ.ടി.സി പൂർണ്ണമായും നശിപ്പിച്ചു. ഡീസൽ അടിക്കാൻ പോലും കാശില്ലാത്ത അവസ്ഥയാണ് കേരളത്തിലേത്. ഇതുമൂലം നൂറ് കണക്കിന് കെ.എസ്.ആർ.ടി.സി ബസുകളാണ് സർവ്വീസ് മുടങ്ങി കിടക്കുന്നത്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ നൽകുന്നില്ല.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എങ്ങോട്ടാണീ പായുന്നത്? എന്തിനാണീ പായുന്നത്? കടം കയറി മുടിഞ്ഞു കിടക്കുമ്പോഴും എന്തിനീ ധൂർത്ത്. തകരുകയാണ് കേരളം. തകർത്തുകഴിഞ്ഞു നിങ്ങളീ കേരളത്തെ. വികസനമുരടിപ്പും അഴിമതിയും കെടുകാര്യസ്ഥതയുമല്ലാതെ എന്താണ് നിങ്ങൾക്ക് അവകാശപ്പെടാനുള്ളത്? ജനങ്ങൾ ആശ്രയിക്കുന്ന കെ. എസ്. ആർ. ടി. സിയിൽ ഡീസൽ അടിക്കാൻ കാശില്ലാതെ നൂറുകണക്കിന്‌ സർവ്വീസുകൾ മുടങ്ങുന്നു. ജീവനക്കാർക്ക് ശമ്പളവുമില്ല പെൻഷനുമില്ല. സർക്കാർ ആശുപത്രികളിൽ മരുന്നില്ല. ഇനിയുമുണ്ട് ഒരായിരം ജനങ്ങളുടെ പരാതികൾ. അപ്പോഴും മന്ത്രിമാരുടെ ധൂർത്തിന് കയ്യും കണക്കുമില്ല.പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന മനസ്സാക്ഷിയില്ലാത്തവർ. പുര കത്തുമ്പോൾ വാഴ വെട്ടുന്ന കരിങ്കാലികൾ. താടിക്കു തീപിടിക്കുമ്പോഴും ബീഡി കത്തിക്കുന്ന വിപ്ളവവായാടികൾ….

Related Articles

Latest Articles