ദില്ലി: വിവാദ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസ് എടുക്കാൻ ഉത്തരവ്. ദില്ലി റോസ് അവന്യൂ കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. സുപ്രീംകോടതി അഭിഭാഷകനായ ജിഎസ് മണി നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല വിധി.
ജലീലിനെതിരെ രാജ്യദ്രോഹമുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മണി കോടതിയെ സമീപിച്ചിരിക്കുന്നത്. സമാന കേസുകളിൽ കോടതി പുറപ്പെടുവിച്ച ഉത്തരവും ഇതിനൊപ്പം അദ്ദേഹം സമർപ്പിച്ചിരുന്നു. ഇതിന് പുറമേ ജലീലിനെതിരെ പോലീസും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇത്തരത്തിലെ നടപടി.
അനുയോജ്യമായ വകുപ്പുകൾ ചുമത്തി കേസ് എടുക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജലീലിനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ഡൽഹി പോലീസ് ഉടൻ കടക്കും.
ദില്ലി തിലക് മാർഗ് പോലീസിലാണ് ജിഎസ് മണി പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ജലീലിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടിയിരുന്നു. ഹർജിയിൽ കോടതി മറ്റെന്നാൾ അന്തിമ വിധി പുറപ്പെടുവിക്കും.

