Wednesday, September 23, 2026

കാഫിർ സ്‌ക്രീൻ ഷോട്ട് കേസ് ! ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യമില്ല!

കോഴിക്കോട്: വടകരയിൽ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന് വീണ്ടും തിരിച്ചടി. പ്രതി സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. സമൂഹമാദ്ധ്യമങ്ങളിൽ വൻതോതിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിച്ചതിലും അത് ജനങ്ങളിലേക്ക് എത്തിച്ചതിലും ജിതിന് നേരിട്ട് പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശക്തമായി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക നടപടി.

കേസിലെ നിർണ്ണായക ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ പ്രതിക്ക് സാധിക്കുമെന്ന ആശങ്ക പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി ഉന്നയിച്ചിരുന്നു. ജിതിന് ജാമ്യം അനുവദിച്ചാൽ അത് നിലവിലെ സുഗമമായ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. കൂടാതെ, ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ കൂടുതൽ വ്യക്തികളുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പ്രതിയിൽ നിന്നും ഇനിയും പുറത്തുകൊണ്ടുവരാനുണ്ടെന്നും അതുകൊണ്ട് കസ്റ്റഡിയിൽ വച്ചുള്ള ചോദ്യം ചെയ്യൽ തുടരേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

അതേസമയം, ജിതിൻ ഭാസ്‌കറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി പ്രതി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നുമാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചത്. എന്നാൽ, ജിതിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന ശാസ്ത്രീയ പരിശോധനകളിൽ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ അടങ്ങിയ ഫോൺ ബോധപൂർവ്വം റീസെറ്റ് ചെയ്തതായി കണ്ടെത്തിയത് പ്രതിക്ക് കനത്ത തിരിച്ചടിയായി. തെളിവ് നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന വിലയിരുത്തലിലാണ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

Related Articles

Latest Articles