Wednesday, April 24, 2024
spot_img

ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞാൽ ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾ ഉപേക്ഷിക്കണം, മറ്റു ക്ഷേത്രങ്ങൾ സന്ദർശിക്കാനും പാടില്ല

ജീവിതത്തിലെ കഷ്ടപ്പാട് മാറ്റുന്നതും, മുന്നോട്ടുള്ള പ്രവൃത്തികൾക്ക് ദൈവനുഗ്രഹമുണ്ടാവുന്നതിനായി ക്ഷേത്രദർശനം നടത്തുന്നവരാണ് നമ്മൾ. തെക്കേ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് കാളഹസ്തീശ്വര ക്ഷേത്രം. മനസിലെ ആഗ്രഹങ്ങൾ സാധിക്കുന്നതിനായി സ്വർണമുഖി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ പ്രശസ്ത ക്ഷേത്രത്തിൽ എത്തുന്നവർ നിരവധിയാണ്. ഇന്ത്യയിലെ പഞ്ചഭൂത ക്ഷേത്രങ്ങളിൽ വായുലിംഗം എന്ന പ്രശസ്തമായ ക്ഷേത്രമാണ് തിരുകാളഹസ്തി ക്ഷേത്രം.

പല്ലവ രാജാവായ തൊണ്ടാമനാണ് ഈ മഹാക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ദക്ഷിണകൈലാസം എന്നു വിളിപ്പേരുള്ള ഈ ക്ഷേത്രത്തിൽ ആദിശങ്കരൻ ദർശനം നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ആചാരങ്ങളുടെ പ്രത്യേകത കൊണ്ട് ഏറെ ശ്രദ്ധേയമാണ് തിരുകാളഹസ്തി ക്ഷേത്രം. അതിരാവിലെ അഞ്ചുമണിക്ക് നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ പകൽ മുഴുവൻ ദർശനത്തിനായി തുറന്നിരിക്കും എന്നത് ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിന് താഴെയായി നദീതീരത്ത് ഏകദേശം ഇരുപതടി താഴ്ചയിലായി ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. പാതാള ഗണപതി എന്ന പേരിലാണ് ഈ വിഗ്രഹം അറിയപ്പെടുന്നത്. പാതാള ഗണപതിയെ വണങ്ങിയിട്ടു മാത്രമേ മുഖ്യക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടുള്ളു എന്നാണ് ആചാരം.ശ്രീകോവിലിനുള്ളിൽ ഒരു പീഢത്തിലായിട്ടാണ് ശിംവലിംഗം ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

വായുത്വരൂപത്തിലുള്ള പ്രതിഷ്ഠയായതിനാൽ തന്നെ പ്രധാന പൂജാരി പോലും ഇവിടം സ്പർശിക്കാറില്ല. പകരമായി പീഢത്തിനടുത്ത് ഉറപ്പിച്ചിട്ടുള്ള തങ്ക അങ്കിയിലാണ് പൂജയ്ക്കായി മാല ചാർത്തുന്നത്.കാളഹസ്തിയിൽ എന്നും ഉത്സവകാലമാണ് . ഒരു വർഷം ഉദ്ദേശം എൺപതിൽപ്പരം ഉത്സവങ്ങളാണ് കൊണ്ടാടുന്നത്. ഇതിൽ മഹാശിവരാത്രി, മകര സംക്രാന്തി എന്നീ വിശേഷ അസരങ്ങളിലാണ് പ്രധാന ഉത്സവദിവസങ്ങൾ. ഇതിൽ മകര സംക്രാന്തിയുടെ മൂന്നാം ദിവസം നടക്കുന്ന ഘോഷയാത്ര ഏറെ വിശേഷപ്പെട്ടതാണ്. അൻപതിലേറെ പുണ്യതീർത്ഥങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ ഘോഷയാത്ര.രാഹു,കേതു പൂജയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായി കണക്കാക്കിയിരിക്കുന്നത്. ടിക്കെറ്റെടുക്കുന്നവർക്ക് അമ്പലത്തിനകത്തിരുന്ന് മുഖ്യ പുരോഹിതൻ ചൊല്ലിത്തരുന്ന മന്ത്രങ്ങൾ ഏറ്റുചൊല്ലാം. ഒരു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഈ പൂജയ്ക്ക് ശേഷം രാഹു,കേതു രൂപങ്ങൾ മുഖ്യ ക്ഷേത്രത്തിന് മുന്നിലുള്ള ഭണ്ഡാരത്തിൽ സമർപ്പിച്ച് ദക്ഷിണ നൽകി മടങ്ങാം.

സാധാരണ ക്ഷേത്രങ്ങളിലെ ദർശനത്തിൽ നിന്നും വിഭിന്നമായി തിരുകാളഹസ്തി ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞാൽ ഭക്തർ ധരിച്ചിരിക്കുന്ന വസ്ത്രം ക്ഷേത്രത്തിൽ ഉപേക്ഷിച്ച ശേഷം മടങ്ങണം. വസ്ത്രം ഉപേക്ഷിക്കുന്നതോടെ ശനിദോഷം മാറുമെന്നാണ് വിശ്വാസം. ഉടുത്തിരിക്കുന്ന വസ്ത്രം ഉപേക്ഷിച്ച് പകരം പൊതിഞ്ഞു കൊണ്ടുവരുന്ന വസ്ത്രം ധരിക്കുവാനായി ക്ഷേത്രത്തിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വസ്ത്രം ഉപേക്ഷിക്കുന്നതു പോലെ തിരുകാളഹസ്തി ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ തിരികെ പോകുന്ന വഴി മറ്റു ക്ഷേത്രങ്ങളിൽ ദർശനം നടത്തരുതെന്ന വിശ്വാസം കൂടിയുണ്ട്. അങ്ങനെ ചെയ്യുകയാണെങ്കിൽ തിരുകാളഹസ്തി ക്ഷേത്ര ദർശനത്തിന്റെ ഫലം പൂർണമായി ലഭിക്കില്ലെന്നാണ് വിശ്വാസം. ജാതകവശാൽ ശനി, രാഹു,കേതു തുടങ്ങിയ നീച ഗ്രഹങ്ങളുടെ ദശാപഹാരകാലത്ത് തിരുകാളഹസ്തി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉചിതമാണ്.

Related Articles

Latest Articles