ഇനി വീക്കെന്‍ഡുകള്‍ അടിപൊളിയാക്കാം… മഠവൂര്‍പ്പാറ കാത്തിരിക്കുന്നു

0

എണ്ണിത്തീര്‍ക്കുവാന്‍ കഴിയാത്തത്രയും കാഴ്ചകളാല്‍ സമ്പന്നമാണ് നമ്മുടെ തലസ്ഥാനം. ഞണ്ടുപാറയും ദ്രവ്യപ്പാറയും അമ്പൂരിയും പിന്നെ കടലുകാണിപ്പാറയും പോലെ സഞ്ചാരികള്‍ വൈകിമാത്രം അറിഞ്ഞ നിരവധി ഇടങ്ങളും ഇവിടെയുണ്ട്. അതിലൊന്നാണ് മഠവൂര്‍പ്പാറ. തിരുവനന്തരപുരം നിവാസികള്‍ക്ക് സുപരിചിതമായിരുന്ന ഇടമാണെങ്കിലും സഞ്ചാര ലോകത്തേയ്ക്ക് വളരെ വൈകി മാത്രം കാലെടുത്തുവെച്ച ഇടമാണ് മഠവൂര്‍പ്പാറ.
സാഹസിക സഞ്ചാരികള്‍ക്ക് പാറകയറ്റവും പ്രകൃതി സ്നേഹികള്‍ക്ക് പച്ചപ്പിന്‍റെ കിടിലന്‍ കാഴ്ചയും പിന്നെ വിശ്വാസികള്‍ക്ക് ഗുഹാ ക്ഷേത്രവുമായി കാഴ്ചകള് ഒരുപാടുണ്ടിവിടെ. മഠവൂര്‍പ്പാറയുടെ കാഴ്ചകളിലേക്കും വിശേഷങ്ങളിലേക്കും

തിരുവനന്തപുരത്ത് കുഞ്ഞന്‍ വീക്കെന്‍ഡ് യാത്രകള്‍ക്കു പറ്റിയ ഇടങ്ങള്‍ ഒരുപാടുണ്ട്. മടുത്തിരിക്കുമ്പോള്‍ ഓടിപ്പോയി ഒരു മലകയറി കുറേ കാഴ്ചകള്‍ കണ്ട് പ്രകൃതിയോട് ചേര്‍ന്നിരിക്കുവാന്‍ പറ്റിയ ഇടങ്ങള്‍. വെ‌റുതേ യാത്രയല്ല, പ്രകൃതിയെ ആസ്വദിച്ചൊരു യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ ഒരിടമുണ്ട്. മഠവൂര്‍പ്പാറ.

തിരുവനന്തപുരത്തിന്‍റെ ഒരിക്കലും തീരാത്ത തിരക്കുകളില്‍ നിന്നെല്ലാം മാറി യാത്ര പോകുവാന്‍ പറ്റിയ ഇടമാണ് മഠവൂര്‍പ്പാറ.നഗരത്തിന്റെ തിരക്ക് ഒരു തരി പോലും ഇവിടെ കാണാനില്ല. പകരമുള്ളത് നല്ല പച്ചപ്പും പിന്നെ പാറയുമാണ്. പ്രകൃതിയുടെ നിറഞ്ഞു നില്‍ക്കുന്ന അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്.

ഇല്ലിക്കല്‍ കല്ലും ഇലമ്പേരിയും അഞ്ചുരുളിയും അമ്മച്ചിക്കൊട്ടാരവും ഒക്കെപ്പോലെതന്നെ മഠവൂര്‍ പാറയും സോഷ്യല്‍ മീഡിയ വഴിയാണ് സഞ്ചാരികളിലേക്കെത്തിയത്. സഞ്ചാരികള്‍ പാറപ്പുറത്തു വലിഞ്ഞു കയറി നിന്നെടുത്ത കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റ് ആയിരുന്നു.

എ.ഡി. 850-ല്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്നതാണ് മഠവൂര്‍ പാറ ഗുഹാ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്നും 300 അടി മുകളില്‍ പടുകൂറ്റന്‍ പാറയുടെ മുകളിലായാണ് ഈ ക്ഷേത്രമുള്ളത്. ശ്രീകോവിലും ശിവലിംഗവും അടക്കം പൂർണ്ണമായും കരിങ്കൽ തുരന്നുണ്ടാക്കിയ ഈ ക്ഷേത്രം അപൂര്‍വ്വമായ ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്. പാറയില്‍ കൊത്തിയ പടവുകള്‍ വഴിയാണ് ക്ഷേത്രത്തിലേക്ക് കടക്കേണ്ടത്.

മഠവൂര്‍പ്പാറ ഗുഹാ ക്ഷേത്രത്തില്‍ ശിവനാണ് മുഖ്യപ്രതിഷ്ഠ. പാറയുടെ മുകളില്‍ ഒരിക്കലും വറ്റാത്ത ഒരു തീര്‍ത്ഥം കാണാം. ഗംഗാ തീര്‍ത്ഥം എന്നാണിതിനെ വിളിക്കുന്നത്. പൂര്‍ണ്ണമായും കല്ലു തുരന്നാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ തൂണുകളും, വശങ്ങളിലുള്ള സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും വിഗ്രഹങ്ങളും ശ്രികോവിലും ഉള്ളിലെ പീഠവും ശിവലിംഗവുമെല്ലാം പാറ തുരന്നു മാത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചെങ്കോട്ടുകോണം ആശ്രമത്തിന്റെ കീഴിലാണ് ക്ഷേത്രം ഇന്നു സംരക്ഷിക്കപ്പെടുന്നത്.

മഠവൂര്‍പ്പാറ ടൂറിസത്തിന്റെയും ഗുഹാക്ഷേത്രത്തിന്റെയും മൂന്നാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ഓപ്പണ്‍ സ്റ്റേജ്, ഗംഗാതീര്‍ത്ഥം വരെയുള്ള കല്‍പ്പടവ്, കഫ്റ്റീരിയ എന്നിവ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത ഘട്ടിത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലെ രണ്ടു പാറക്കുളങ്ങളാണ് ഇനി മഠവൂര്‍പാറയുടെ ആകര്‍ഷണമാകുവാന്‍ പോകുന്നത്. വലിയ പാറമടയിലെ ജലാശയത്തില്‍ ബോട്ടിങ് സൗകര്യം, ചെറിയ ജലാശയത്തില്‍ കുട്ടവഞ്ചി , ട്രക്കിങ് തുടങ്ങിയവ കൂടി സജ്ജമാകുന്നതോടെ മഠവൂര്‍പാറ വിനോദ സഞ്ചാരരംഗത്ത് ഉയരങ്ങളിലേക്ക് കുതിക്കുയാണ്. സൂര്യാസ്തമയകാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം,

തിരുവനന്തപുരത്തു നിന്നും ശ്രീകാര്യം- ചെമ്പഴന്തി വഴി എട്ടുകിലോമീറ്റർ യാത്ര ചെയ്താല്‍ മഠവൂർപ്പാറ ഗുഹാക്ഷേത്രത്തിലെത്താം.
തിരുവനന്തപുരം ശ്രീകാര്യത്തിൽ നിന്ന് പൗഡിക്കോണം – പോത്തൻ‌കോട് റൂട്ട് 8 കിലോമീറ്റർ യാത്ര ചെയ്താല്‍ മഠവൂര്‍പാറയിലേക്കുള്ള വഴി കാണാം.