Saturday, May 18, 2024
spot_img

കളമശ്ശേരി സ്‌ഫോടനക്കേസ് ; പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ് ; പ്രതിയുടെ പൂർവ്വകാല ചരിത്രം ചികയാൻ പോലീസ്

മൂന്നുപേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉള്‍പ്പെടെയാണ് പൊലീസിന്റെ സംശയം. പ്രതിയെ തീവ്രവാദ സംഘങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികെയാണ്.

എന്നാൽ, സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. ആസൂത്രണവും തന്റേത് മാത്രമാണ്. ആലുവയിലെ അത്താണിയിലെ വീട്ടില്‍ വച്ച് ബോംബ് ഉണ്ടാക്കിയെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. നാടന്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് ബോംബ് നിര്‍മിച്ചതെന്നും വീര്യം കൂടിയ പടക്കത്തിലെ കരി മരുന്ന് സ്‌ഫോടനത്തിനായി ഉപയോഗിച്ചുവെന്നും കൊച്ചിയില്‍ നിന്നാണ് ഇതിനായുള്ള സാധനങ്ങള്‍ വാങ്ങിയതെന്നും മാര്‍ട്ടിന്‍ പൊലീസിന് മൊഴി നൽകി. അതേസമയം, യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും മാർട്ടിൻ പറയുന്നു. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നും സ്ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് ബോംബിനൊപ്പം പെട്രോളും വച്ചത്. 4 കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നും ടിഫിൻ ബോക്സിൽ അല്ല ബോംബ് സ്ഥാപിച്ചതെന്നും എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചതെന്നും ഡൊമിനിക് മൊഴി നൽകി.

ഫോർമാനായതിനാൽ സാങ്കേതിക കാര്യങ്ങളിൽ പ്രതിക്ക് വൈദ​ഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രതി സ്ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി ഇന്ന് വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലുള്ള സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശേരിയിലേക്ക് തിരിക്കും.

Related Articles

Latest Articles