Monday, April 29, 2024
spot_img

ഇത് കേരളം തന്നെയാണോ? കൊവിഡ് രോഗി മരിച്ചത് ഓക്സിജന്‍ കിട്ടാതെ; നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത്

കൊച്ചി: ജീവനക്കാരുടെ അശ്രദ്ധ മൂലം ഓക്സിജന്‍ കിട്ടാതെ കൊവിഡ് രോഗി മരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ രോ​ഗി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്സിജന്‍ കിട്ടാതെയെന്ന് വെളിപ്പെടുത്തി നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശം ആണ് പുറത്ത് വന്നിരിക്കുന്നത്. വാർഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദ സന്ദേശം നല്‍കിയതെന്നുമാണ് നഴ്സിങ് ഓഫീസർ ജലജാദേവിയുടെ വിശദീകരണം.

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പില്‍ നഴ്സിങ് ഓഫിസർ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഇതിന്റെ ഒടുവിലായാണ് മരണങ്ങളെക്കുറിച്ചുള്ള പരാമര്‍ശം. പല രോഗികളുടേയും ഓക്‌സിജൻ മാസ്‌ക് പോലും ശരിയായിട്ടല്ല വയ്ക്കുന്നത്. ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ട്. ഡോക്ടർമാർ സംരക്ഷിച്ചതുകൊണ്ടാണ് നടപടിയുണ്ടാകാതിരുന്നത്. ഇതിന് മുൻപും ചികിത്സാ പിഴവുണ്ടായിട്ടുണ്ടെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നും സന്ദേശത്തിൽ പറയുന്നു.

അതേസമയം ഹാരിസിന്റെ മരണത്തിൽ സംശയമുണ്ടായിരുന്നതായും ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ഇപ്പോള്‍ വ്യക്തമായെന്നും ബന്ധു റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചു സഹോദരിമാരുടെ ഏക സഹോദരനാണ് ഹാരിസ്. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കുടുംബം പ്രതികരിച്ചു

Related Articles

Latest Articles