Tuesday, May 21, 2024
spot_img

കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി മാതാപിതാക്കൾ; സംസ്ക്കാരം ഇന്ന് വൈകിട്ടോടെ നടത്തണമെന്ന് കോടതി നിർദ്ദേശം

ചെന്നൈ: കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം മാതാപിതാക്കൾ ഏറ്റുവാങ്ങി. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മാതാപിതാക്കൾ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് രാവിലെ ഏഴ് മണിക്ക് മുമ്പ് മൃതശരീരം ഏറ്റുവാങ്ങണമെന്നും വൈകിട്ടോടെ സംസ്കരിക്കണമെന്നുമായിരുന്നു കോടതിയുടെ അറിയിപ്പ്.

പെൺകുട്ടിയുടെ മൃദദേഹം റീ പോസ്റ്റ്‍മോർട്ടം ചെയ്ത ദിവസം മുതൽ മാതാപിതാക്കൾ കടലൂരിലെ വീട്ടിൽ ഉണ്ടായിരുന്നില്ല. മൃതദേഹം ഏറ്റുവാങ്ങണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സിബിസിഐഡി ഉദ്യോഗസ്ഥർ വീടിന്‍റെ വാതിലിൽ നോട്ടീസ് പതിച്ചിരുന്നു. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഉടൻ സംസ്കരിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവെങ്കിലും ഏറ്റുവാങ്ങാൻ ആളെത്താത്തതിനാൽ പെൺകുട്ടിയുടെ മൃതദേഹം കള്ളക്കുറിച്ചി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ രണ്ട് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടുകളും കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എൻ സതീഷ് കുമാർ പരിശോധിച്ചു.

ഭാവിയില്‍ വിദ്യാലയ ക്യാമ്പസുകളില്‍ ആത്മഹത്യ നടന്നാല്‍ സിബിസിഐഡി നേരിട്ട് കേസന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കള്ളക്കുറിച്ചിയില്‍ നടന്നത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും ആക്രമണം ആസൂത്രിതമാണെന്നും നിരീക്ഷിച്ചു. തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടറെ കൂടി പോസ്റ്റ്‍മോർട്ടം സംഘത്തില്‍ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. അതേസമയം സ്‌കൂള്‍ ആക്രമണ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ തുടരുകയാണ്.

Related Articles

Latest Articles