Tuesday, April 30, 2024
spot_img

ആഫ്രിക്കന്‍ പന്നിപ്പനി; രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

കൽപ്പറ്റ: വയനാട് ഇന്നലെ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. കൂടാതെ പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഇത് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഇല്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി.

വയനാട്ടിലെ മാനന്തവാടിയിലുള്ള രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള പന്നികള്‍ കൂട്ടത്തോടെ ചത്തത്തോടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരുന്നു. തുടർന്ന് ഭോപ്പാലില്‍ നിന്ന് സ്ഥിരീകരണം ലഭിക്കുകയായിരുന്നു. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മൂന്നോറോളം പന്നികളുണ്ട്. ഇവയെ ഉടൻ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്‍റെ തീരുമാനം.

വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക. ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. രണ്ട് ദിവസത്തിനുള്ളിൽ പന്നികളെ പൂർണ്ണമായും കൊന്നൊടുക്കും. പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles