Friday, March 29, 2024
spot_img

കോടതി വിധിക്ക് പിന്നാലെ കനകദുര്‍ഗ വീട്ടിലെത്തി,​ കനത്ത പൊലീസ് സുരക്ഷയില്‍

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നു പുറത്താക്കിയ പെരിന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് കനക ദുര്‍‌ഗ വീട്ടില്‍ പ്രവേശിച്ചത്. സംഭവത്തെ തുടര്‍ന്ന് കനക ദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയില്‍ വീട്ടില്‍ പ്രവേശനം അനുവദിച്ച്‌ കോടതി ഇന്ന് രാവിലെ ഉത്തരവിട്ടിരുന്നു. കനകദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തത്ക്കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമ ന്യായാലയം നിര്‍ദേശിച്ചിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനും ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതിയമ്മയും കോടതിയില്‍ ഹാജരായിരുന്നു. ശബരിമല ദര്‍ശനത്തിനുശേഷം കനകദുര്‍ഗ താമസിച്ച സ്ഥലങ്ങളെക്കുറിച്ച്‌ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ പരിഗണനാവിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ശബരിമലയില്‍ ദര്‍ശനംനടത്തിയശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ പൊലീസ് സംരക്ഷണത്തിലാണ് കനകദുര്‍ഗ കഴിയുന്നത്. സുപ്രീം കോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നും കനകദുര്‍ഗയുടെ അഭിഭാഷക അറിയിച്ചു.

Related Articles

Latest Articles