കണ്ണൂർ: കണ്ണൂരിൽ ബോംബ് ആക്രമണത്തിൽ (Kannur Bomb Blast)യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. . ഏച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. അക്ഷയ് എറിഞ്ഞ ബോംബ് അബദ്ധത്തിൽ മറ്റൊരാളുടെ കയ്യിൽ തട്ടി ജിഷ്ണുവിന്റെ തലയിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറു പടക്കത്തിൽ സ്‌ഫോടക വസ്തു നിറച്ചായിരുന്നു ബോംബ് ഉണ്ടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് ഉൾപ്പെടെ നാല് പേരെ നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അതേസമയം ബോംബ് എറിഞ്ഞ സംഘത്തിൽ 18 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ 14 പേർക്ക് കയ്യിൽ ബോംബുള്ള വിവരം അറിയില്ലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. റിജിൽ, ജിജിൽ, സനീഷ് എന്നിവരാണ് അക്ഷയ്‌ക്ക് പുറമെ കസ്റ്റഡിയിൽ എടുത്ത മറ്റുള്ളവർ. ഇവരെല്ലാം കൊല്ലപ്പെട്ട ജിഷ്ണുവിന്റെ അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ ബോംബ് കൈകാര്യം ചെയ്ത ഏച്ചൂർ സ്വദേശി മിഥുൻ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. അതേസമയം സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

