Tuesday, October 13, 2026

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റ മരണം ! പ്രതിഷേധം ശക്തമാകുന്നു ; പി.പി ദിവ്യ രാജി വയ്ക്കണമെന്ന് ബിജെപിയും പ്രതിപക്ഷ സംഘടനകളും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തി. ദിവ്യയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. കൂടുതൽ പ്രതിഷേധ പരിപാടികൾ ഉണ്ടായേക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

യുവമോർച്ചയുടെ പ്രതിഷേധമാണ് ആദ്യമുണ്ടായത്. ബാരിക്കേഡുകൾ മറികടന്ന യുവമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയത് നീക്കി. പിന്നാലെയാണ് പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെത്തിയത്. ജില്ലാ കലക്ടർക്കെതിരെയും പ്രതിഷേധം അരങ്ങേറി.

മരിച്ച എഡിഎം നല്ല ഉ​ദ്യോ​ഗസ്ഥനായിരുന്നുവെന്ന് റവന്യു മന്ത്രി സമ്മതിച്ചതായും നടന്നത് കൊലപാതകത്തിന് തുല്യമായ സംഭവമാണെന്നും അദ്ദേഹം അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകൾക്ക് പോലും അഭിപ്രായം ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

വിരമിക്കാൻ 7 മാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ എഡിഎം നവീൻ ബാബു അഴിമതിയാരോപണത്തിൽ മനംനൊന്ത് ജീവനൊടുക്കിയത്. നേരത്തെ കാസർഗോഡ് എഡിഎം ആയിരുന്ന നവീൻ ബാബു അവിടെ നിന്നാണ് കണ്ണൂരിലെത്തിയത്. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റം ലഭിച്ചതോടെ ഇന്ന് പോകാനിരിക്കെയാണ് ജീവനൊടുക്കിയത്. ട്രെയിനിനെത്തുന്ന നവീനെ കൂട്ടാൻ ഭാര്യ രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിൽ നവീനെ കാണാതിരുന്നതിനെ തുടർന്ന് കണ്ണൂരിൽ വിവരമറിയിച്ചു. ശേഷം നടത്തിയ പരിശോധനയിലാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നവീൻ ബാബു ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെന്ന് കുടുംബം പ്രതികരിച്ചു. നവീനെ അഴിമതിക്കാരനെന്ന രീതിയിൽ ചിത്രീകരിച്ചതാണ്, സമ്മർദ്ദങ്ങൾക്ക് വഴുന്നയാളല്ല നവീൻ. ആര് സഹായം ചോദിച്ചാലും ചെയ്യാൻ കഴിയുന്നതെല്ലാം കൃത്യമായി ചെയ്തു കൊടുക്കുന്നയാളാണെന്നും അമ്മാവൻ പറഞ്ഞു. യാത്രയയപ്പ് യോഗത്തിന് ശേഷം ഫോണിൽ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു. ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാറാണ്. രണ്ട് പെൺമക്കളുണ്ട്.

ഇന്നലെ എഡിഎം നവീൻ ബാബുവിനെതിരെ പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്.

Related Articles

Latest Articles