കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ വൻ വീഴ്ച്ച വരുത്തിയതിനെ തുടർന്ന് കണ്ണൂർ ഡി എം ഒ യ്ക്ക് സ്ഥലംമാറ്റം. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. പിയൂഷിനെതിരെയാണ് ജില്ലാ കളക്ടർ നടപടിയെടുത്തത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി 2024 ഓഗസ്റ്റ് എട്ടിന് ഒരു അവലോകന യോഗം നിശ്ചയിച്ചിരുന്നു. ആ യോഗത്തിൽ ഡോ. പിയുഷ് പങ്കെടുത്തില്ല. മാത്രമല്ല പ്രധാനമന്ത്രിയെ അനുഗമിക്കേണ്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് എസ് പി ജി ചോദിച്ചിരുന്നു. ഈ ലിസ്റ്റും ഡി എം ഒ നൽകിയില്ല. ഒടുവിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇല്ലാതെയാണ് ട്രയൽ റൺ നടത്തിയത്.
പ്രധാനമന്ത്രിയ്ക്ക് സുരക്ഷയൊരുക്കേണ്ട ചുമതലയുള്ള എസ് പി ജി യുമായി ഫലത്തിൽ നിസ്സഹകരിക്കുകയാണ് സർക്കാർ ഉദ്യോഗസ്ഥനായ ഡി എം ഒ ചെയ്‌തത്. ആരോഗ്യവകുപ്പ് ജീവനക്കാരില്ലാതെ ട്രയൽ റൺ നടത്തേണ്ടിവന്നത് ഗുരുതര സുരക്ഷാ വീഴ്ച്ചയായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. കണ്ണൂരിൽ നിന്ന് കൊല്ലത്തേയ്ക്കാണ് ഡി എം ഒ യെ സ്ഥലം മാറ്റിയത്. കോഴിക്കോട്ടുകാരനായ ഡി എം ഒ തന്റെ സ്ഥലം മാറ്റം കോഴിക്കോട്ടേയ്ക്ക് വേണമെന്ന് നടപടിക്കിടെ ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. ഇതിന് മുമ്പും ഡോ പിയൂഷ് സമാനമായ വീഴ്ചകൾ വരുത്തിയിട്ടുണ്ടെന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

