Friday, March 29, 2024
spot_img

ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിലെ കർക്കിടകവാവ് ബലി തർപ്പണത്തിന് പങ്കെടുത്ത് വിശ്വാസികൾ; വാവുബലി മഹോത്സവം മികവുറ്റതാക്കാൻ കുടുംബശ്രീയും

മുട്ടയ്ക്കാട്: ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരാറുള്ള കർക്കിടകവാവ് ബലി തർപ്പണം ഇന്ന് കടവിൻമൂല കായൽക്കരയിൽ നടന്നു. രാവിലെ 4.30ന് ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ക്ഷേത്ര മേൽശാന്തി മണിക്കുട്ടൻ നമ്പൂതിരിയാണ്. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ചടങ്ങ് തികച്ചും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടും കായൽ മലിനീകരണം ഇല്ലാത്ത വിധവും പൂർണ്ണ സുരക്ഷാ സംവിധാനത്തോടുകൂടിയതും ആയിരുന്നു.

വിഴിഞ്ഞം തിരുവല്ലം സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും വിഴിഞ്ഞം ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരും സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. വിഴിഞ്ഞം സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ ഒരു മെഡിക്കൽ ടീമിനെയും സജ്ജീകരിച്ചിരുന്നു.

കോവളം നിയോജകമണ്ഡലം എംഎൽഎ വിൻസന്റ്,ജസ്റ്റിസ് എം. ആർ ഹരിഹരൻ നായർ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും ക്ഷേത്ര ഭരണസമിതി സെക്രട്ടറിയുമായ കെ.എസ്. സാജൻ, ജനപ്രതിനിധികളായ സുരേന്ദ്രൻ, അഷ്ടപാലൻ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എസ്. വിജയൻ നായർ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ,ക്ഷേത്ര ഭജന സമിതി അംഗങ്ങൾ, ജനകീയ സമിതി അംഗങ്ങൾ, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, നീർത്തടാകം ഭാരവാഹികൾ, തുടങ്ങിയവർ സംബന്ധിച്ചു. കർക്കിടക വാവുബലി മഹോത്സവം മികവുറ്റതാക്കി മാറ്റുന്നതിന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ ഉൽപന്ന വിപണന മേളയും സംഘടിപ്പിച്ചിരുന്നു.

Related Articles

Latest Articles