ബെംഗളൂരു : കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഏതാനും സംസ്ഥാനങ്ങള്‍ ഇതിനകം അത്തരമൊരു നിയമം പരീക്ഷിച്ചതായും കര്‍ണാടക സര്‍ക്കാരും മറ്റ് സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പഠിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവരുമെന്നും അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി,
പ്രലോഭനത്തെ തുടര്‍ന്ന് തന്റെ അമ്മ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയെന്ന് ബിജെപി എംഎല്‍എ നിയമസഭയില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഹൊസ്ദുര്‍ഗ എംഎല്‍എ ഗൂളിഹട്ടി ശേഖറാണ് സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ശൂന്യവേളയില്‍ ആരോപിച്ചത്. തന്റെ അമ്മയെ പ്രലോഭിപ്പിച്ച് ക്രിസ്ത്യാനിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ മണ്ഡലത്തില്‍ 20000ത്തോളം പേര്‍ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനിയായി. ദലിത്, ഒബിസി, മുസ്ലീം വിഭാഗങ്ങളാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് പോയത്. സംസ്ഥാനത്ത് ഇത്തരം മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് സര്‍ക്കാരിന് അറിയാമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മുന്‍ സ്പീക്കര്‍ കെ.ജി ബൊപ്പയ്യ, നാഗ്താന്‍ എംഎല്‍എ ദേവാനന്ദ് എന്നിവരും കര്‍ണാടകയില്‍ മതപരിവര്‍ത്തനം വര്‍ധിച്ചു വരുന്നതിലുള്ള ആശങ്ക പരസ്യമാക്കിയിരുന്നു.

