Monday, May 20, 2024
spot_img

കര്‍ണാടകയില്‍ പന്ത് സ്പീക്കറുടെ കോര്‍ട്ടിലേക്ക് തട്ടി സുപ്രീം കോടതി: എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം

ദില്ലി: കർണാടകയിലെ വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി. സ്പീക്കര്‍ക്ക് തീരുമാനം എടുക്കാം, സ്പീക്കറുടെ അവകാശത്തില്‍ കൈ കടത്താനാവില്ല. ഇക്കാര്യത്തില്‍ സമയപരിധിയില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.

നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാർ പങ്കെടുക്കണമെന്ന് സ്പീക്കർക്ക് നിര്‍ബന്ധിക്കാനാവില്ല. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനം എടുക്കുന്നത് വരെ എംഎൽഎമാരെ സഭാ നടപടികളിൽ പങ്കെടുക്കാൻ നിർബന്ധിക്കാൻ കഴിയില്ല. വോട്ടെടുപ്പിൽ പങ്കെടുക്കണമോയെന്നത് എംഎൽഎമാരുടെ സ്വാതന്ത്ര്യത്തിന് വിടണം. വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാനും എംഎൽഎ മാർക്ക് സ്വാതന്ത്ര്യമുണ്ട്. നിയമപരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം.അത് പിന്നീട് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് രാജിവച്ച 15 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്. സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുള്ളതാണ് ഹര്‍ജി. രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമതര്‍ക്കു വേണ്ടി ഹാജരായത്.

Related Articles

Latest Articles