Friday, January 9, 2026

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി വിജയ്‌യെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നത്. ജനുവരി 12-ന് ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം.

സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. കരൂരിലെ റാലിയിൽ അനുവദനീയമായതിലും അധികം ആളുകൾ എത്തിയതും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതും ദുരന്തത്തിന് കാരണമായെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. 10,000 പേർക്ക് മാത്രം ശേഷിയുള്ള മൈതാനത്ത് ഏകദേശം 30,000-ത്തോളം ആളുകൾ തടിച്ചുകൂടിയത് വലിയ വീഴ്ചയായി കണക്കാക്കപ്പെടുന്നു. ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് അറിയിച്ചിരുന്ന വിജയ് വൈകുന്നേരം 7 മണിയോടെയാണ് വേദിയിലെത്തിയത്. ഈ നീണ്ട കാത്തിരിപ്പും താരത്തിന്റെ വാഹനവ്യൂഹം എത്തിയപ്പോഴുണ്ടായ ജനത്തിരക്കും നിയന്ത്രിക്കാൻ സാധിക്കാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

സംഭവത്തെത്തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. പിന്നീട് അദ്ദേഹം കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. ടിവികെയുടെ സംസ്ഥാന ഭാരവാഹികളെ ഇതിനോടകം സിബിഐ ചോദ്യം ചെയ്തു കഴിഞ്ഞു. വിജയിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം കേസിൽ കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിൽ സിബിഐ അന്തിമ തീരുമാനമെടുക്കും.

ജനുവരി 9-ന് വിജയിയുടെ അവസാന ചിത്രമായ ‘ജനനായകൻ’ തിയറ്ററുകളിൽ എത്താനിരിക്കെയാണ് ഈ നിർണ്ണായകമായ സിബിഐ സമൻസ് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Related Articles

Latest Articles