Wednesday, May 15, 2024
spot_img

കരുവന്നൂർ ബാങ്ക് കൊള്ള; രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ച് ഇ ഡി; എ.സി മൊയ്തീനെയും എം.കെ കണ്ണനെയും വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി: കരുവന്നൂർ ബാക് തട്ടിപ്പ് കേസിൽ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ച് ഇ ഡി. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് രണ്ടാംഘട്ട അന്വേഷണം ആരംഭിച്ചത്. കൂടുതൽ പേർക്ക് സമൻസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. നേരത്തെ ചോദ്യം ചെയ്ത മുൻ മന്ത്രി എസി മൊയ്തീനെയും എം കെ കണ്ണനെയും വീണ്ടും ചോദ്യം ചെയ്‌തേക്കും.

കരുവന്നൂരിൽ ഇതുവരെ 90 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. 55 പ്രതികളെ ഉൾപ്പെടുത്തി പന്ത്രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം കഴിഞ്ഞ ദിവസമാണ് ഇ ഡി കോടതിയിൽ സമർപ്പിച്ചത്. അനധികൃത വായ്പ നൽകിയത് സി പി ഐ എം നേതാക്കളുടെ നിർദ്ദേശപ്രകാരമായിരുന്നു എന്ന് പ്രതികൾ നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളും ഇ ഡി വിശദമായി പരിശോധിക്കും.

55 പ്രതികളുള്ള ആദ്യ കുറ്റപത്രത്തിൽ കമ്മിഷൻ ഏജന്റ് ബിജോയാണ് ഒന്നാംപ്രതി. വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷൻ പതിനഞ്ചാം പ്രതിയും പി സതീഷ് കുമാർ പതിനാലാം പ്രതിയുമാണ്. കരുവന്നൂർ കള്ളപ്പണകേസിൽ കമ്മീഷൻ ഏജന്റായിരുന്നു ബിജോയി. ബാങ്കിന്റെ ഏജന്റായി പ്രവർത്തിച്ച ബിജോയ് കോടികൾ തട്ടിയെടുത്തുവെന്നായിരുന്നു നേരത്തെ വിജിലൻസിന്റെയും കണ്ടെത്തൽ.വിജിലൻസ് കേസിൽ അഞ്ചാം പ്രതിയായിരുന്നു ബിജോയി. ആറുപെട്ടികളിലായാണ് ആദ്യഘട്ട കുറ്റപത്രം ഇ ഡി ഉദ്യോഗസ്ഥർ കോടതിയിൽ എത്തിച്ചത്.

Related Articles

Latest Articles