Friday, May 17, 2024
spot_img

ദേശീയത മനസ്സിൽ സൂക്ഷിക്കുന്ന ജനതയുടെ പ്രവർത്തനത്തിന്റെ വിജയം; കാശ്മീർ ഫയൽസ് കേരളത്തിൽ കൂടുതൽ തീയറ്ററുകളിലേക്ക്

കശ്മീർ വംശഹത്യയുടെ വസ്തുതാപരമായ ആവിഷ്ക്കാരം എന്ന് ബോക്സോഫീസിൽ ഇതിനോടകം മികച്ച അഭിപ്രായം നേടിയ ചലച്ചിത്രമായ കശ്മീർ ഫയൽസ് കേരളത്തിൽ കൂടുതൽ തിയറ്ററുകളിലേക്ക്. കേരളത്തിൽ കശ്മീർ ഫയൽസിന്‌ തീയറ്ററുകൾ ലഭിക്കാതിരിക്കാൻ ഗൂഡാലോചന നടന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. കൊച്ചി ലുലുവിലെ പിവിആറില്‍ രണ്ട് ഷോയും കോഴിക്കോട് ക്രൗണ്‍ തീയേറ്ററില്‍ ഒരൊറ്റ ഷോയും മാത്രമാണ് നിലവിൽ കേരളത്തിൽ കശ്മീർ ഫയൽസിനുള്ളത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രതികരണം ഉണ്ടായി. തുടര്‍ന്ന് രണ്ടു ജില്ലകളില്‍ കൂടി ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. തൃശ്ശൂര്‍ ശോഭാ മാളിലെ ഇനോക്‌സ് തിയേറ്ററിലും തിരുവനന്തപുരം ഏരീസ് പ്ലക്‌സ് സിനിമാസിലും.

കാശ്മീരി പണ്ഡിറ്റുകളുടെ നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൂരതയുടെ കരളലിയിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. പ്രീണന രാഷ്ട്രീയത്തിന്റെ ഭീരുത്വം കൊണ്ടുമാത്രം ഇതുവരെ ആരും പറയാത്ത പൊള്ളുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ചിത്രത്തിലുണ്ട്. അതിനാല്‍ തന്നെ കേരളത്തില്‍ ഈ സിനിമക്ക് എതിരെ ഡിഗ്രേഡിങ് ഉണ്ടായി. തിയറ്ററുകള്‍ കിട്ടാത്ത സാഹചര്യം ഉണ്ടായതങ്ങനെയാണ്. ‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്യപ്പെട്ട ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. സിനിമയുടെ ട്രെയിലര്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു പരാതി. ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു ഷോയ്ക്ക് പോലും ഒരു സീറ്റ് പോലും ഒഴിഞ്ഞു കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക, സ്വയം തിയേറ്ററില്‍ പോവാന്‍ പറ്റാത്തവര്‍ അവിടെ അടുത്തുള്ള സുഹൃത്തുക്കള്‍ക്ക് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തു കൊടുക്കുക, സോഷ്യല്‍ മീഡിയയില്‍ കശ്മീര്‍ ഫയല്‍സ് ചര്‍ച്ച സജീവമായി നിലനിര്‍ത്തുക എന്നീ നിലപാടുകളുമായി ദേശ സ്‌നേഹികളായ യുവാക്കള്‍ രംഗത്ത് വന്നിരുന്നു. ‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമ വിജയിപ്പിക്കുന്നതു ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും പ്രചരിപ്പിച്ചു. ഈ പ്രചാരണത്തിന്റെ സ്വാധീനത്താലാണ് ചിത്രം കൂടുതൽ തീയറ്ററുകളിലേക്കെത്തുന്നത്.

Related Articles

Latest Articles