ശ്രീനഗർ: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട മൂന്ന് ഭീകരർക്കായി പോലീസും സിആർപിഎഫും സംയുക്തമായി വ്യാപക തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കുല്‍ഗാമിലെ കെലാം മേഖലയിലെ ഒരു ഇഷ്ടികചൂളയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് നേരെ ആക്രമണമുണ്ടായത്. ആയുധധാരികളായ മൂന്ന് ഭീകരർ സ്ഥലത്തെത്തി രണ്ട് തൊഴിലാളികൾക്ക് നേരെ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നു.
ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബിലാസ്പൂർ സ്വദേശി ഭൂപേന്ദ്രയെ ആദ്യം അനന്ത്നാഗ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഭൂപേന്ദ്രയും മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിന് പിന്നാലെ കെലാം മേഖലയിലും സമീപ പ്രദേശങ്ങളിലുമായി സുരക്ഷാസേന കർശന പരിശോധനയും തിരച്ചിലും ആരംഭിച്ചു. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട മൂന്ന് ഭീകരരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി തുടരുകയാണ്.
അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

