തിരുവനന്തപുരം: നടൻ സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ‘ഹരിവരാസനം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റ് വിവിധ ലൊക്കേഷനുകളിലുമായി പുരോഗമിക്കുകയാണ്. ‘സാൾട്ട് മാംഗോ ട്രീ’, ‘തൃശൂർ പൂരം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ ഒരുക്കുന്ന സിനിമയാണിത്.
ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഡോ. കെ. അമ്പാടിയാണ്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ നടൻ യോഗി ബാബു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം സൈജു കുറുപ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തോടുള്ള പ്രേക്ഷക പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്.
മലയാള സിനിമയ്ക്ക് ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച അജിത് വിനായക ഫിലിംസ് ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. ‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം സംഗീതസംവിധായകൻ രഞ്ജിൻ രാജ് ഈ ചിത്രത്തിനായി സംഗീതമൊരുക്കുന്നു.
ചിത്രത്തിന്റെ സാങ്കേതിക അണിയറയിൽ പ്രോജക്ട് ഡിസൈനറായി മംഗളം ജയചന്ദ്രൻ, ഛായാഗ്രാഹകനായി സജാദ് കാക്കു, എഡിറ്ററായി അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളറായി ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനറായി രാഖിൽ, വസ്ത്രാലങ്കാരമായി സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടറായി പാർത്ഥൻ സി, മേക്കപ്പ് ആർട്ടിസ്റ്റായി ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടറായി നിധീഷ്, സ്റ്റിൽസ് ഫോട്ടോഗ്രാഫറായി ജെഫിൻ ബിജോയ്, ഡിസൈനറായി ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒയായി പ്രതീഷ് ശേഖർ എന്നിവരാണ് പ്രവർത്തിക്കുന്നത്.

