Thursday, May 16, 2024
spot_img

കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ മർദ്ദനം: ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാൻ സാധ്യത

തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആർടി സി ഡിപ്പോയിൽ മകൾക്ക് മുന്നിൽ വെച്ച് ജീവനക്കാർ അച്ഛനെ മർദ്ദിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്ത് പൊലീസ്. .
സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടേയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേരളമൊട്ടാകെ ഇന്നലെ ചർച്ചചെയ്ത അതിദാരുണമായ സംഭവം ഇന്നലെ രാവിലെയാണ് നടന്നത്.
കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു. സംഭവത്തില്‍ കയ്യേറ്റം ചെയ്യൽ, സംഘം ചേർന്ന് ആക്രമിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ആദ്യം ചുമത്തിയിരിക്കുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴിയെടുത്ത ശേഷമാണ് ഇപ്പോള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാര്യം കേസെടുത്തിരിക്കുന്നത്. നിലവിൽ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ് മര്‍ദ്ദനമേറ്റ പ്രേമനൻ.

അക്രമ സംഭവത്തിൽ 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിട്ടുണ്ട്. സിഐടിയുഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍,സുരേഷ് കുമാര്‍, കണ്ടക്ടര്‍ എൻ.അനിൽ കുമാര്‍, ഐഎൻടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്‍റ് സി.പിയുമായ മിലൻ ഡോറിച്ച് എന്നിവരെ അന്വേഷണവിധേയരായി സസ്പെൻ‍ഡ് ചെയ്തു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി വകുപ്പ് തല നടപടിയെടുക്കാനാണ് ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം.

Related Articles

Latest Articles