അരിവില സർവകാല റെക്കോർഡിൽ എത്തിനിൽക്കെ മലയാളികൾക്ക് ആശ്വാസം പകർന്നു കൊണ്ട് കേന്ദ്ര സർക്കാരിന്റെ ‘ഭാരത്’ അരിയുടെ വിൽപന സംസ്ഥാനത്ത് ആരംഭിച്ചു. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് അരി ലഭ്യമാക്കിയിരിക്കുന്നത്. തൃശൂർ നഗരത്തിൽ മാത്രം150 ചാക്ക് അരി വിറ്റതായാണ് റിപ്പോർട്ട്. നാഷനൽ കോ–ഓപറേറ്റീവ് കൺസ്യൂമർ ഫെഡറേഷനാണ് വിതരണച്ചുമതല. അരിയ്ക്കു പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാൾ വിലക്കുറവില്‍ ലഭിക്കും. കടലപരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. സംസ്ഥാനത്ത് സപ്ലൈകോ അടക്കമുള്ളവയിൽ സാധനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്രസർക്കാരിൽ നിന്നുണ്ടായത്.
എഫ്സിഐ ഗോഡൗണുകളിൽ നിന്ന് അരിയും പരിപ്പും പ്രത്യേകം പായ്ക്ക് ചെയ്താണ് വിതരണത്തിന് എത്തിക്കുന്നത്. മില്ലേഴ്സ് അസോസിയേഷൻ മുഖേനയാണ് വിതരണം. ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും സാധനങ്ങളുമായി വാഹനങ്ങൾ എത്തുമെന്നാണ് വിവരം. ഓൺലൈൻ മുഖേന സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഉടൻ ലഭ്യമാക്കും.

