Saturday, May 18, 2024
spot_img

കേരളം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നു; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ.

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് ഐ.എം.എയുടെ ഇത്തരത്തിലൊരു നിർദേശം. സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ വേണം. ഇതിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്.

രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ഐ.എം.എ. പറയുന്നു. രോഗവ്യാപനം തടയാനുള്ള കർശന നടപടികൾ നടപ്പാക്കണം. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണം. സാധാരണക്കാരിലും ആരോഗ്യ പ്രവർത്തകരിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഇത്തരത്തിൽ തുടർന്നാൽ വരും ദിവസങ്ങളിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. ഇപ്പോൾ തന്നെ ആശുപത്രികൾ ഏറെക്കുറേ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ആരോഗ്യ പ്രവർത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുന്നത്.

പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തിലധികം പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളിൽ എത്തിയേക്കാമെന്നാണ് സർക്കാരിന്റെ തന്നെ വിലയിരുത്തൽ. അങ്ങനെ വന്നാൽ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് തന്നെ അത് താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കും. അതിനാൽ വരുംദിവസങ്ങളിലെ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കണമെന്ന ആവശ്യവും ഐ.എം.എ. മുന്നോട്ടു വെക്കുന്നുണ്ട്.

Related Articles

Latest Articles