Friday, May 3, 2024
spot_img

കേരളം നീങ്ങുന്നത് അപകടത്തിലേയ്ക്ക്!!! പ്രതിരോധ നടപടികളിൽ വൻവീഴ്‌ചയുണ്ടായി, കോവിഡ് വ്യാപനത്തിന് ഒൻപത് കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സംഘം; നിർണ്ണായക റിപ്പോർട്ട് പുറത്ത്

ദില്ലി: കേരളത്തിലെ ലോക്ക്ഡൗൺ ഇളവുകൾ ദോഷകരമാകുമെന്ന് കേന്ദ്ര സംഘത്തിന്റെ നിർണ്ണായക റിപ്പോർട്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തിൽ രോഗികളുടെ എണ്ണം ഉയർന്ന് നിൽക്കുന്നതിന് പ്രധാനമായും ഒൻപത് കാരണങ്ങളാണെന്നും കേന്ദ്ര സംഘം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം ഇല്ലാത്തത് വ്യാപനത്തിന് കാരണമാണ്. 55 ശതമാനം പേർക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിൽ മുതിർന്ന പൗരൻമാരുടെ എണ്ണം കൂടുതലാണ്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ എണ്ണം കൂടുതലാണെന്നതും വ്യാപനത്തിന് കാരണമാണ്. പ്രാദേശിക ലോക്ക്ഡൗൺ കർശനമാക്കണം. ഇപ്പോൾ നൽകിയ ഇളവുകൾ വെല്ലുവിളിയെന്നും കേന്ദ്ര സംഘം പറയുന്നു. ഓണം പ്രമാണിച്ച് ഇളവുകൾ ഉദാരമായി തുടരുന്ന കേരളത്തിൽ കോവിഡിന്റെ അതിവ്യാപനമാണെന്നും പ്രതിരോധ നടപടികളിൽ വൻ വീഴ്ചയുണ്ടായെന്നും കേന്ദ്രസംഘം വ്യക്തമാക്കി.

കേരളത്തിൽ വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിർദ്ദേശവും കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കോവിഡ് വാക്‌സിൻ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കിൽ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉൾപ്പടെ ജില്ലകൾ നല്കിയ കണക്ക് പരിശോധിക്കും. പത്തനംതിട്ടയിൽ ഒന്നാം ഡോസ് എടുത്ത 14,​974പേർക്കും രണ്ടാം ഡോസ് എടുത്ത 5042 പേർക്കും ആണ് രോഗബാധ ഉണ്ടായിരിക്കുന്നത്. അതേസമയം വീടുകളിലെ നിരീക്ഷണം ഫലപ്രദമല്ലെന്നും കേന്ദ്രസംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

തുടർച്ചയായി പതിനായിരത്തിലധികം കേസുകളാണ് ഇപ്പോഴും കേരളത്തിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ രാജ്യത്ത് കോവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ ഡെൽറ്റാ വകഭേദം വഴിയാണ് അതിവ്യാപനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ പ്രതിദിന കേസുകളുടെ പകുതിയിലേറെയും ( 51.51%)​ കേരളത്തിലാണെന്നും രണ്ടാഴ്ചയായി കേരളത്തിൽ കേസുകൾ ഉയരുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles