Friday, May 17, 2024
spot_img

കേരളത്തിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് പിന്നിൽ പാകിസ്ഥാൻ | Kerala

കേരളത്തിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് പിന്നിൽ പാകിസ്ഥാൻ | Kerala

സംസ്ഥാനത്ത് കോഴിക്കോട് ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്റെ മുഖ്യ സാമ്പത്തിക സ്രോതസ് കുഴൽപ്പണമായിരുന്നെന്ന് കണ്ടെത്തൽ. ബംഗളൂരു പോലീസിന്റെ പിടിയിലായ മലപ്പുറം സ്വദേശിയായ ഇബ്രാഹിന്റെ ലാപ്‌ടോപ്പ് ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഒന്നരക്കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് ഇത്തരം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിക്കുന്നതിന് വേണ്ടി ഇബ്രാഹിം രാജ്യത്തിന്റെ പല ഭാഗത്തും വിതരണം ചെയ്തിരിക്കുന്നത്. ഈ ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ജോലി ചെയ്തിരുന്നവർക്ക് മാസം തോറും 80,000 രൂപയായിരുന്നു ഇബ്രാഹിം ശമ്പളമായി നൽകിയിരുന്നത്.

എന്നാൽ ഇത്രയേറെ പണം ഇബ്രാഹിമിന്റെ പക്കൽ എവിടെ നിന്നും വന്നു എന്ന് അന്വേഷിച്ചപ്പോഴാണ് കുഴൽ പണത്തെ കുറിച്ച് അറിവ് ലഭിക്കുന്നത്. രാമനാട്ടുകര സ്വര്‍ണക്കടത്ത് സംഘം ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നതും സമാന്തര ടെലിഫോണ്‍ സംവിധാനം ആയിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. .

ബംഗളൂരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി സമാന്തര ടെലിഫോൺ എക്‌സചേഞ്ചുകൾ സ്ഥാപിക്കുന്നതിനായി സംഘത്തിന് ഇതുവരെ ചെലവ് വന്നത് പത്ത് കോടി രൂപയാണ്. സ്വർണ്ണക്കടത്ത്-ഹവാല സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഫോറൻസിക് പരിശോധനയുടെ ഫലം വരുന്ന മുറയ്‌ക്ക് സംഭവത്തിന്റെ ദുരൂഹതകൾ അയയുമെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം ഈ വിഷയത്തിൽ അന്വേഷണ സംഘത്തിന്റ ഓരോ ദിവസത്തേയും കണ്ടെത്തലുകൾ ഞെട്ടിപിക്കുന്നതാണ്. വിദേശത്ത് നിന്ന് ആപ്ലിക്കേഷന്‍വഴി വരുന്ന കോളുകള്‍ ചൈനീസ് ഉപകരണങ്ങളുടെ സഹായത്തോടെ ലോക്കല്‍ കോളുകളാക്കി മാറ്റുകയാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ചെയ്യുന്നത്. കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ വഴി വന്നതാകട്ടെ പാകിസ്ഥാന്‍, ചൈന ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കോളുകള്‍. ഇതിനായി പാകിസ്ഥാനിലേക്ക് മാത്രം 64 റൂട്ടുകള്‍ വിറ്റിരുന്നതായി പിടിയിലായ ഇബ്രാഹിം സമ്മതിച്ചു. ഇതുവഴി ഇരുപത് ലക്ഷം രൂപ കിട്ടി. ഇബ്രാഹിം പാകിസ്ഥാന്‍കാരുമായി നടത്തിയ ചാറ്റിന്റ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്ക് പാകിസ്ഥാനില്‍ നിന്ന് കോളുകള്‍ വന്നിരുന്നതായി നേരത്തെ ബെംഗളൂരു സമാന്തര ടെലിഫോണ്‍ എക്സ്ചേ‍ഞ്ച് കേസിന്റ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതിലെയും മുഖ്യപ്രതി ഇബ്രാഹിമാണ്. അന്ന് അന്വേഷണത്തിന്റ ഭാഗമായി പിടിച്ചെടുത്ത ലാപ്ടോപും സിംകാര്‍ഡുകളും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലേക്ക് പോയത്. ചൈനയില്‍ രണ്ട് സ്ത്രീകളുടെ പേരിലാണ് പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്. കൊയിലാണ്ടിയില്‍ സ്വര്‍ണ കാരിയറായ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഘവും ആശയവിനിമയത്തിലായി സമാന്തര ടെലിഫോണ്‍ സംവിധാനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോണ്‍കോളുകള്‍ സൈബര്‍ സെല്ലിന്റ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles