തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4538 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിലയിരുത്തൽ യോഗം നേരത്തേ ആയതിനാൽ ഇന്നത്തെ കണക്കു പൂർണമായി ലഭ്യമായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള കണക്ക് പ്രകാരം ഇന്ന് 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 249 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗബാധിതരിൽ 67 പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിലുണ്ട്. 36,027 സാംപിൾ പരിശോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ കോവിഡ് മരണങ്ങൾ 697 ആയി. ഇതുവരെ 1,79,922 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 57879 ആക്ടീവ് കേസുകളാണ് ഉള്ളത്.
രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്രയും നാള് നാം മുന്നിലായിരുന്നു. അതിന് ഇപ്പോള്‍ ഇളക്കംതട്ടിയിട്ടുണ്ട്. 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. രോഗവ്യാപനം കുറച്ചാല്‍ മാത്രമേ മരണവും കുറയ്ക്കാന്‍ സാധിക്കൂ. രോഗവ്യാപനം കുറയ്ക്കുന്നതിന് കര്‍ശന നടപടികളിലേയ്ക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

