Tuesday, May 14, 2024
spot_img

പരീക്ഷാ ക്രമക്കേടിൽ സസ്പെൻഷനിലായ അധ്യാപകൻ മുൻപും ഉത്തരക്കടലാസുകൾ തിരുത്തിയതായി സംശയം

കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്കൂളിൽ പരീക്ഷാക്രമക്കേടിൽ സസ്പെൻഷനിലായ അധ്യാപകർ നേരത്തെയും സമാന പ്രവർത്തികൾ ചെയ്തിട്ടുള്ളതായി ആരോപണം. ആരോപണമുയർന്ന പശ്ചാത്തലത്തിൽ ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.

കോഴിക്കോട് നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂൾ അധ്യാപകനും അഡീഷണല്‍ ഡപ്യൂട്ടി ചീഫുമായ നിഷാദ് വി മുഹമ്മദിനെതിരെയാണ് ആരോപണമുയരുന്നത്. വിദ്യാർത്ഥികൾക്കുവേണ്ടി പരീക്ഷയെഴുതിയതായും ഉത്തരക്കടലാസ് തിരുത്തിയതായും കണ്ടെത്തിയതിനെത്തുടർന്ന് നിഷാദിനെയും പരീക്ഷാ ഡ്യൂട്ടി ചീഫ് പി.കെ ഫൈസല്‍, പ്രന്‍സിപ്പല്‍ കെ. റസിയ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിജയശതമാനം കൂട്ടാനാൻ ആസൂത്രിതമായി നടത്തിയ ക്രമക്കേടാണിതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. ആസൂത്രണത്തിൽ പ്രിൻസിപ്പാൾ കെ റസിയക്ക് വ്യക്തമായ പങ്കുള്ളതായുംഅന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിലാണ് മുൻ വർഷങ്ങളിലും സമാന രീതിയിൽ ക്രമക്കേട് നടത്തിയതായി വിദ്യാഭ്യാസ വകുപ്പ് സംശയിക്കുന്നത്.

പരീക്ഷ കഴിഞ്ഞാൽ അന്നേദിവസം ഉച്ചയോടെ ഉത്തരക്കടലാസുകൾ സീൽ ചെയ്ത് മൂല്യനിർണ്ണയത്തിനായി അയക്കണം എന്നിരിക്കെ ഗ്രാമീണ മേഖലയിലെ സ്കൂളുകൾക്ക് ഇക്കാര്യത്തിൽ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഈ സ്‌കൂളുകൾ ഉത്തരക്കടലാസുകൾ അടുത്ത ദിവസം രാവിലെ അയച്ചാലും മതി. ഈ ഇളവ് മുതലെടുത്താണ് അധ്യാപകനായ നിഷാദ് വി മുഹമ്മദ് നാല് ഉത്തരക്കടലാസുകൾ മാറ്റി എഴുതുകയും 32 എണ്ണത്തിൽ തിരുത്തൽ വരുത്തുകയും ചെയ്തത്.

മൂല്യ നിര്‍ണയത്തിനിടെ ഉത്തരക്കടലാസിലെ കയ്യക്ഷരം കണ്ട് സംശയം തോന്നിയതോടെയാണ് ക്രമക്കേട് വെളിച്ചത്തായത്. ഇതോടെ വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവക്കുകയും വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാടിലാണ് ബിജെപിയും മറ്റ് പ്രതിപക്ഷ കക്ഷികളും.

Related Articles

Latest Articles