Monday, April 29, 2024
spot_img

മാതൃദിനത്തില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി ഇറോം ശര്‍മിള

ലോകം ആരാധനയോടെ കാണുന്ന മണിപ്പൂരിന്റെ ഉരുക്കു വനിതയ്ക്ക് ഇരട്ടകള്‍ പിറന്നു. സൈനികര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാര സമരം അനുഷ്ഠിച്ച ഇറോം ശര്‍മിള വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സമരം അവസാനിപ്പിച്ചതും സാധാരണ ജീവിതം നയിക്കാന്‍ ആരംഭിച്ചതും. മാതൃദിനത്തിലാണ് അവര്‍ക്ക് ഇരട്ടകള്‍ പിറന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

2017ല്‍ ഡെസ്മണ്ട് കുട്ടിനോയെ വിവാഹം ചെയ്ത ശേഷം ഇറോം ശര്‍മിള കൊടൈക്കനാലിലാണ് താമസം. ഡെസ്മണ്ട് കുട്ടിനോ ബ്രിട്ടീഷ് വംശജനും ഗോവ സ്വദേശിയുമാണ്. 46കാരിയായ ശര്‍മിള ഞായറാഴ്ച രാവിലെ ഒമ്ബതു മണിക്കാണ് പ്രസവിച്ചത്. രണ്ടു പെണ്‍കുട്ടികള്‍ക്കും 2.15 കിലോ ഗ്രാം ഭാരമുണ്ടായിരുന്നു. കുട്ടികള്‍ക്കും അമ്മയ്ക്കും യാതൊരു ശാരീരിക പ്രശ്‌നങ്ങളുമില്ല. നിക്‌സ് സഖി, ഓട്ടും താര എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്.

മണിപ്പൂരില്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന അഫ്സ്പ നിയമത്തിനെതിരേ വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് ഇറോം ശര്‍മിള. 2000 നവംബര്‍ രണ്ട് മുതല്‍ 16 വര്‍ഷം നീണ്ട നിരാഹാര സമരം തുടര്‍ന്നിട്ടും ഭരണ കൂടത്തില്‍ നിന്നും അനുകൂല പ്രതികരണമുണ്ടാവാത്ത സാഹചര്യത്തില്‍ ഇറോം സമരം അവസാനിപ്പിച്ചു. അഫ്സ്പയ്ക്കെതിരെ നിയമപോരാട്ടം നടത്തിയ ഇറോം 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Related Articles

Latest Articles