Friday, October 2, 2026

പൂരവിളംബരത്തിൽ ആചാരലംഘനം: എതിർപ്പുമായി നെയ്തലക്കാവ് ദേവസ്വം

പൂരവിളംബരത്തിൽ ആചാരലംഘനം നടന്നുവെന്ന് നെയ്തലക്കാവ് ദേവസ്വം. വിളംബരച്ചടങ്ങുകൾ ഒറ്റയാനയെ ഉപയോഗിച്ച് പൂർത്തിയാക്കുന്ന പതിവ് അനുവദിച്ചില്ലെന്ന പരാതിയാണ് ദേവസ്വം ഉന്നയിച്ചിരിക്കുന്നത്. അധികൃതരുടെ പിടിവാശിയാണ് ചടങ്ങ് യഥാവിധി പൂർത്തിയാക്കാൻ അനുവദിക്കാത്തതിന് കാരണമെന്നും ദേവസ്വം ഭാരവാഹികൾ ആരോപിച്ചു.

പൂരവിളംബരത്തിനായി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്ന് എഴുന്നള്ളുന്ന നെയ്തലക്കാവിലമ്മ, അതേ ആനപ്പുറത്ത് പടിഞ്ഞാറേ നടയ്ക്കലുള്ള നിലപാടുതറയിലെത്തി ശംഖനാദം മുഴക്കുന്നതോടെയാണ് ആചാരം പൂർത്തിയാകുന്നത്. എല്ലാ വർഷവും ഈ രീതിയിലാണ് ചടങ്ങ് നടത്തുന്നത്.

തെക്കേ ഗോപുരനടയിൽ കൊമ്പുപറ്റും കുഴൽപ്പറ്റുമെല്ലാമായി ഒരു മേളമുണ്ട്. അതുകഴിഞ്ഞ് താഴോട്ടിറങ്ങി രാജാവിനെ വണങ്ങുന്നതായി സങ്കല്പിച്ച് വണങ്ങും. ഇതിനുശേഷം ശ്രീമൂലസ്ഥാനത്തെത്തി നിലപാടുതറയിൽ ശംഖ് വിളിച്ച്, തിടമ്പേറ്റിയ ആന തുമ്പിക്കൈ ഉയർത്തുന്നതോടെയാണ് ആചാരം പൂർത്തിയാകുന്നത്.

ഇത്തവണയും നെയ്തലക്കാവ് ദേവിയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നടന്നുപോകാൻ നെയ്തലക്കാവ് ദേവസ്വം അധികൃതരും എലിഫന്റ് സ്‌ക്വാഡും ആൾക്കൂട്ടത്തെ മാറ്റി, ആംബുലൻസ് മുന്നിൽ ഓടിച്ച് വഴിയൊരുക്കാൻ ശ്രമിച്ചു. എന്നാൽ ജനങ്ങളുടെ സുരക്ഷയ്ക്ക് അപകടമുണ്ടായേക്കുമെന്ന ആശങ്ക ഉന്നയിച്ച് മന്ത്രി സുനിൽകുമാർ ഇത് തടയുകയായിരുന്നു. പോലീസ് ഉന്നത ഉദ്യോഗസ്ഥരും എതിർത്തു. സംഭവത്തിന്റെ പേരിൽ മന്ത്രിയും ദേവസ്വം അധികൃതരും തമ്മിൽ ചെറിയതോതിൽ തർക്കവും നടന്നു.

ഒടുവിൽ നിരീക്ഷണസമിതിയുടെ തീരുമാനപ്രകാരം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിലെ ദേവീദാസനെ കൊണ്ടുവന്ന് ചടങ്ങ് പൂർത്തിയാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ദേവീദാസനാണ് ബാക്കി ചടങ്ങുകളെല്ലാം പൂർത്തിയാക്കിയത്. നെയ്തലക്കാവ് ദേവസ്വം അധികൃതർ ചടങ്ങിൽനിന്ന് മാറിനിന്നു.

Related Articles

Latest Articles