Wednesday, May 15, 2024
spot_img

വിദ്വേഷ പ്രസംഗം നിയന്ത്രിക്കാൻ നോഡൽ ഓഫീസറെ വച്ചില്ലെന്ന് കേന്ദ്രം! കേരളത്തിന് സുപ്രീം കോടതി നോട്ടീസ്

ദില്ലി : വിദ്വേഷ പ്രസംഗങ്ങൾ കണ്ടെത്തി തടയുന്നതിന് നോഡൽ ഓഫീസറെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരളം നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെത്തുടർന്ന് സംസ്ഥാനത്തിന് കോടതി നോട്ടീസ് അയച്ചു. കേരളത്തിന് പുറമെ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ച ഗുജറാത്ത്, തമിഴ്നാട്, നാഗാലാ‌ൻഡ് എന്നീ സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ് അയച്ചു.

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് തെഹ്സീന്‍ പൂനവാല കേസില്‍ ആണ് സുപ്രീം കോടതി മാർഗരേഖ പുറപ്പെടുവിച്ചത്. ഈ മാർഗ്ഗരേഖയിലാണ് നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന നിർദ്ദേശമുള്ളത്.

സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 28 ഇടങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് സുപ്രീം കോടതിയെ അറിയിച്ചു. തുടർന്നാണ് നോഡൽ ഓഫീസർമാരെ നിയമിക്കാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

അതേസമയം വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് വ്യക്തികൾക്ക് എതിരെ നൽകിയ കേസുകൾ പ്രത്യേകമായി കേൾക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ ഉദയനിധി സ്റ്റാലിന് എതിരെകോടതി അലക്ഷ്യ നടപടി ആരംഭിക്കണമെന്ന കേസ് പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടപ്പോഴാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
ഓരോ കേസും പ്രത്യേകമായി പരിഗണിച്ചാൽ ഹർജികളുടെ പ്രളയം ആയിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles