Monday, May 20, 2024
spot_img

രാഷ്ട്രപതിയെ അപമാനിച്ചത് കേവല രാഷ്ട്രീയം; ഗവർണ്ണർക്ക് മറുപടി പറയാനാവാതെ മുഖ്യമന്ത്രി

ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ഏറെ നാളായി വാർത്തകളിൽ ഇടം പിടിക്കുന്നുണ്ടല്ലോ. അനധികൃത നിയമനങ്ങളിലും സർവ്വകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങളിലും ഒക്കെ ഗവര്ണര്ക്കുള്ള നീരസമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അന്ന് പുറത്തറിഞ്ഞത്. ഈ ചാൻസിലർ പണി തനിക്ക് വേണ്ടെന്നും അത് മുഖ്യമന്ത്രി തന്നെ എടുത്തോട്ടെ എന്ന് ഗവർണ്ണർ തുറന്ന് പറഞ്ഞത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രിയും മാധ്യമങ്ങളും ചേർന്നുള്ള പതിവ് പത്ര സമ്മേളന നാടകത്തിൽ പയറഞ്ഞാഴി എന്ന് പറഞ്ഞ് മുഖ്യമന്ത്രി തടിയൂരി. പക്ഷെ ഇന്നലെ കൂടുതൽ ഗൗരവമുള്ള ആരോപണവുമായി ഗവർണ്ണർ രംഗത്ത് വന്നത് സ്ഥിതി കൂടുതൽ വഷളാക്കി.

രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതം വരുത്തുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി എന്ന ഗൗരവമായ ആരോപണം ഗവർണ്ണർ ഉന്നയിച്ചിരുന്നു. സംഭവം എന്താണെന്ന് ആദ്യം ആർക്കും പിടികിട്ടിയില്ലെങ്കിലും ഇപ്പോൾ ഇത് സംബന്ധിച്ച സൂചനകൾ മാധ്യമങ്ങൾ പുറത്തു വിടുന്നുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകണമെന്ന് ഗവർണ്ണർ കേരള സർവകലാശാലയോട് നിർദ്ദേശിച്ചതായും സർക്കാർ അതിന് ഉടക്ക് വച്ചതായുമാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്. കേരളാ വിസി യെ വിളിച്ചു വരുത്തിയാണ് ഗവർണ്ണർ നിർദ്ദേശം നൽകിയത് . പക്ഷെ സർക്കാരിനും സിണ്ടിക്കേറ്റിനും താല്പര്യമില്ലെന്ന മറുപടിയാണ് രേഖാമൂലം VC ഗവർണറെ അറിയിച്ചത്. മുമ്പ് രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണന് ഇത്തരത്തിൽ ഡി ലിറ്റ് നൽകിയ കീഴ്വഴക്കമുണ്ട്.

പക്ഷെ രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നിഷേധിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ കേവല രാഷ്ട്രീയം മാത്രമാണ്. അദ്ദേഹം ഒരു ആർ എസ് എസ്സുകാരനാണ് ഒരു ബിജെപി കാരണാണ് എന്നത് കൊണ്ട് മാത്രമാണ് ഈ ആദരവ് നിഷേധിക്കപ്പെടുന്നത്. ഇന്ത്യൻ രാഷ്ട്രപതിക്ക് ഒരു ഡി ലിറ്റ് നൽകി കേരളത്തിന്റെ ആദരം നൽകണമെന്ന് സർക്കാരിന്റെ അധിപനായ ഗവർണ്ണർ ഒരു നിർദ്ദേശം വയ്ക്കുമ്പോൾ സാമാന്യ മര്യാദയുള്ളവർ നയിക്കുന്ന സർക്കാർ അത് അംഗീകരിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം അദ്ദേഹം കേരളം സന്ദർശിച്ചപ്പോൾ അത് നൽകാനും കഴിയുമായിരുന്നു. പക്ഷെ സിൻഡിക്കേറ്റ് യോഗം പോലും ചേരാതെ പാർട്ടി സർവ്വകലാശാലകളിൽ കുടിയിരുത്തിയിരിക്കുന്ന ചില റാൻ മൂളികളെ കൊണ്ട് ഗവർണ്ണറുടെ തീരുമാനത്തെ ഇങ്ങനെ തരം താണ രീതിയിൽ അട്ടിമറിക്കാൻ പിണറായി വിജയനെ കൊണ്ടേ കഴിയൂ. രാഷ്ട്രീയ പശ്ചാത്തലം എന്തു തന്നെയായാലും ഒരു വ്യക്തി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ അദ്ദേഹം ഈ രാഷ്ട്രത്തിന്റെ തലവനാണ്. ഉന്നതമായ ഭരണഘടനാ പദവി വഹിക്കുന്ന രാഷ്ട്രപതിയെ കേവല രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാൻ സിപിഐഎം നെ പോലുള്ള രാജ്യവിരുദ്ധ പ്രസ്ഥാനങ്ങൾക്കേ കഴിയൂ. അദ്ദേഹം ആർ എസ എസ്സുകാരനായിരിക്കാം പക്ഷെ ഈ റിപ്പബ്ലിക്കിന്റെ തലവനായി അദ്ദേഹം എത്തിയത് ഓട് പൊളിച്ചല്ലെന്ന് പിണറായി വിജയൻ മനസ്സിലാക്കണം. ഒരു വ്യക്തിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിച്ച് വിജയിപ്പിച്ചെടുക്കണമെങ്കിൽ ആ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഈ രാജ്യത്ത് എത്രമാത്രം ജനപിന്തുണ ആവശ്യമുണ്ടെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നിശ്ചയമുണ്ടോ എന്നറിയില്ല. അതിന്റെ നൂറിലൊന്ന് ജന പിന്തുണ പോലുമില്ലാത്ത ഈർക്കിൽ പ്രസ്ഥാനമാണ് ആർ എസ് എസ്സിനും ബിജെപി ക്കും രാഷ്ട്രീയ വിലക്ക് കൽപ്പിക്കുന്നത് എന്നോർക്കണം.

പാർട്ടി ഗുണ്ടകളെയും സഖാക്കളെയും കുത്തി നിറച്ച് ശ്മശാന സമാനമാക്കിയ കേരള സർവ്വകലാശാല എന്ന ഭാർഗ്ഗവീ നിലയത്തിൽ നിന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് അല്ലെങ്കിലും ഒരു ബിരുദം കിട്ടാത്തത് തന്നെയാണ് നല്ലത്. തിരുവനന്തപുരത്ത് ഇങ്ങനെയൊരു സ്ഥാപനം കെട്ടി ഉയർത്തി നിർത്തിയിരിക്കുന്നത് എന്തിനാണ്. കമ്മ്യൂണിസ്റ്റുകൾ കയറി നിറങ്ങുന്ന ഇത്തരം സർവ്വകലാശാലകളുടെ ചാൻസിലർ പദവി പിണറായിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആയിരം അഭിവാദ്യങ്ങൾ.

Related Articles

Latest Articles