Wednesday, December 31, 2025

ജേക്കബ് തോമസിനെതിരെ കുരുക്ക് മുറുക്കി സംസ്ഥാന സർക്കാർ: കാരണം കാണിക്കൽ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും വിജിലന്‍സ് മേധാവിയുമായിരുന്ന ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനൊരുങ്ങി സർക്കാർ.

സ്വയം വിരമിക്കലിന് ജേക്കബ് തോമസ് നല്‍കിയ അപേക്ഷയില്‍, നോട്ടീസ് കാലയളവില്‍ ഇളവു വേണമെന്ന ആവശ്യത്തിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് ജേക്കബ് തോമസിന് നോട്ടീസ് നല്‍കി. ഇ-മെയില്‍ വഴി അപേക്ഷ അയച്ചതില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വയം വിരമിക്കാന്‍ സര്‍വീസില്‍ 30 വര്‍ഷം കാലാവധി വേണമെന്നിരിക്കെ 32 വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ ജേക്കബ് തോമസിന് വിരമിക്കാന്‍ നിയമപരമായി അര്‍ഹതയുണ്ട്.
ഈ വിവരം പൊതുഭരണവകുപ്പിനെ അറിയിച്ചെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന കാലയളവു വരെയെങ്കിലും ഫയലുകള്‍ പിടിച്ചു വയ്ക്കാനാണ് സർക്കാരിന്റെ നീക്കം.

ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കാനുള്ള നീക്കത്തിലാണ്. സര്‍വീസിലിരിക്കെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.

Related Articles

Latest Articles