Wednesday, April 24, 2024
spot_img

തോമസ് ചാണ്ടിക്ക് പിഴയിന്മേൽ ഡിസ്‌കൗണ്ട് നൽകി സർക്കാർ; ഒരു കോടിയുടെ പിഴ 34 ലക്ഷമാക്കി ഉത്തരവ്

ആലപ്പുഴ: തോമസ് ചാണ്ടി എംഎൽഎയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃതനിര്‍മാണത്തിന് ചുമത്തിയ പിഴയിന്മേൽ സർക്കാർ വക സ്‌പെഷ്യൽ ഡിസ്‌കൗണ്ട്. ലേക്ക് പാലസ് റിസോര്‍ട്ടിന് ഒരു കോടിയിലേറെ രൂപ പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനമാണ് സംസ്ഥാന സർക്കാർ ഇടപെട്ട് തള്ളിയത്.

ആലപ്പുഴ നഗരസഭ ഈടാക്കാന്‍ തീരുമാനിച്ച പിഴ ഈടാക്കാന്‍ കഴിയില്ലെന്നും പകരം 34 ലക്ഷം മാത്രം പിഴ ചുമത്തിയാല്‍ മതിയെന്നുമാണ് സർക്കാർ ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച നിര്‍ദേശം. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ. ജോസ് ഇതുസംബന്ധിച്ച് വീണ്ടും ഉത്തരവിറക്കുകയും ചെയ്തു.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ നടത്തിയ അനധികൃത നിര്‍മാണം പിഴ ഈടാക്കി ക്രമപ്പെടുത്താൻ നേരത്തെ തീരുമാനമായതാണ്. തുടർന്ന് ആലപ്പുഴ നഗരസഭ ആദ്യം 2.76 കോടി രൂപ പിഴ ചുമത്താന്‍ തീരുമാനിച്ചു. പിന്നീട് ഈ തുക തുക 1.17 കോടി രൂപയായി കുറച്ചു.

എന്നാല്‍ തോമസ് ചാണ്ടി നഗരസഭക്കെതിരെ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. ഇതിനെത്തുടർന്നാണ് സംസ്ഥാന സര്‍ക്കാര്‍ പിഴത്തുക 34 ലക്ഷമായി കുറച്ച് ഉത്തരവിറക്കിയത്. പക്ഷേ, ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ആലപ്പുഴ നഗരസഭ കൗൺസിൽ നിലപാടെടുത്തു. ഇതോടെയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി വീണ്ടും ഉത്തരവിറക്കിയത്. വസ്തുനടപടികള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ നഗരസഭാസെക്രട്ടറി ബാധ്യസ്ഥനാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

Related Articles

Latest Articles