തിരുവനന്തപുരം : കേരളത്തില്‍ മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് പൂർത്തിയായതെന്നും ഇനി കേരളത്തിൽ രണ്ട് രാഷ്ട്രീയ സഖ്യങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്ത് മൂന്ന് മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്നും വരും വർഷങ്ങളിൽ കേരളം ‘ബൈ പോളാർ’ അഥവാ ദ്വിമുഖ രാഷ്ട്രീയത്തിലേക്ക് മാറുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഒരു വശത്ത് സിപിഎമ്മും കോൺഗ്രസും ചേർന്നുള്ള സഖ്യവും മറുവശത്ത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുമായിരിക്കും ഇനി കേരളത്തിൽ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവി തീരുമാനിക്കേണ്ട ഒരു തെരഞ്ഞെടുപ്പാണിത് എന്ന രീതിയില്‍ ഈ തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും അതാണ് വോട്ടിങ് ശതമാനം കൂടാന്‍ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ഭരണം ആര് നിയന്ത്രിക്കണം എന്ന് തീരുമാനിക്കുന്ന ശക്തിയായിട്ട് ബിജെപി മാറുമോ എന്നത് ജനങ്ങള്‍ തീരുമാനിക്കും. ഞങ്ങള്‍ അങ്ങനെ അഹങ്കാരത്തോടെ “പൂട്ടും താക്കോലും ” എടുത്ത് നടക്കുന്ന പാര്‍ട്ടിയോ മുന്നണിയോ ഒന്നുമല്ല. പക്ഷെ ഇത്തവണ ഒരു മാറ്റം വരും എന്നുറപ്പാണ്. നേമത്ത് മുഴുവൻ ബിജെപി പ്രവർത്തകരും നന്നായി അധ്വാനിച്ചിട്ടുണ്ട്. ജനങ്ങളുടെ മുമ്പില്‍ ആത്മാര്‍ത്ഥമായി ഞങ്ങളുടെ കാഴ്ചപ്പാട് അറിയിച്ചിട്ടുണ്ട്. ഒരു അവസരം തന്നാല്‍ ഞങ്ങള്‍ എന്ത് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ ഉറപ്പിക്കേണ്ടത് ജനങ്ങളാണ്, വോട്ടര്‍മാരാണ്. നല്ല പ്രതീക്ഷ തന്നെയാണുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

