Saturday, May 18, 2024
spot_img

ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സിസ്റ്റം: കേരളം പഠിക്കുന്നത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗുജറാത്തിലെ ഡാഷ് ബോർഡ് സിസ്റ്റം കേരളം പഠിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍, ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സിസ്റ്റം മികച്ചതാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം.

തുടർന്ന് ചീഫ് സെക്രട്ടറി വി.പി ജോയിയേയും സ്റ്റാഫ് ഓഫീസര്‍ ഉമേഷിനേയും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാനായി നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇരുവര്‍ക്കും മൂന്ന് ദിവസത്തേക്ക് ഗുജറാത്തില്‍ പോകാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്.

2019 ല്‍ വിജയ് രൂപാണി സര്‍ക്കാര്‍ കൊണ്ടു വന്നതാണ് ഗുജറാത്ത് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ് ബോര്‍ഡ് സിസ്റ്റം. നേരത്തെ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ പിണറായി വിജയന്‍, പ്രധാനമന്ത്രിയെ നേരില്‍ കണ്ടിരുന്നു. കൂടിക്കാഴ്ച്ചയ്ക്കിടെ പ്രധാനമന്ത്രിയാണ് ഗുജറാത്ത് മോഡലിന്റെ വിവരം പഠിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചത്. സുസ്ഥിര വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമായ കമാന്‍ഡര്‍, കണ്‍ട്രോള്‍, കംപ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍ എന്നിവ വഴി സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനത്തെ ട്രാക്ക് സൂക്ഷിക്കുന്ന രീതിയാണിത്.

 

Related Articles

Latest Articles