തിരുവനന്തപുരം: മങ്കിപോക്‌സ് രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രോഗി സഞ്ചരിച്ച ടാക്സി ഡ്രൈവറെ പോലീസ് അന്വേഷിക്കുകയായിരുന്നു. ഒടുവിലാണ് ഡ്രൈവറെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗി കൊല്ലത്ത് നിന്നും സഞ്ചരിച്ചത് കാറിലായിരുന്നു.
ഇയാൾ സഞ്ചരിച്ച എല്ലാ പൊതുഗതാഗത വാഹനങ്ങളിലെ ഡ്രൈവർമാർക്കായും അന്വേഷണം ആരംഭിച്ചിരുന്നു. വീട്ടിൽ നിന്നും കൊല്ലത്തെ ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷകളിലെ ഡ്രൈവർമാരെയും അതിന് ശേഷം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത കാറിന്റെ ഡ്രൈവറെയുമാണ് ആരോഗ്യവകുപ്പ് അന്വേഷിച്ചിരുന്നത്.
രോഗി സഞ്ചരിച്ച ഓട്ടോകളുടെ ഡ്രൈവർമാരെ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടാതെ ഇയാൾ യാത്ര ചെയ്ത വിമാനത്തിലെ മറ്റ് യാത്രക്കാരിൽ പലരുടേയും ഫോൺ നമ്പർ ലഭ്യമല്ലാത്തതിനാൽ പോലീസിന്റെ സഹായത്തോടെ വീടുകളിലെത്തി ഇവരെ കണ്ടെത്തുകായും ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകുകായും ചെയ്യുന്നുണ്ട്. പനിയുമായി ആശുപത്രികളിലെത്തുന്നവർക്ക് ലക്ഷണങ്ങളുണ്ടെങ്കിൽ മങ്കിപോക്സ് പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.

