Friday, May 3, 2024
spot_img

മിസ്സിംഗ് കേസുകൾ അനേഷിച്ച് കണ്ടെത്തുന്നതിൽ കേരളം ഒന്നാമതെന്ന് കേരളാ പോലീസ്; ‘കാണ്മാനില്ല’ എന്നത് മറ്റു സംസ്ഥാനങ്ങളിൽ പരാതികൾ മാത്രമായി ഒതുങ്ങുന്നു

തിരുവനന്തപുരം:മറ്റു സംസ്ഥാനങ്ങളിൽ മിസ്സിംഗ് കേസുകൾ പരാതികൾ മാത്രമായി ഒതുങ്ങുബോൾ, കാണാതായവരെ കണ്ടെത്തുന്നതിൽ കേരളം ഒന്നാമതാണെന്ന് കേരളാ പോലീസ്.കേരളാ പോലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുന്നത്. മിസ്സിംഗ് കേസുകളുടെ യാഥാർത്ഥ്യമറിയാം എന്ന് പറഞ്ഞു കൊണ്ടാണ് കേരളാ പോലീസിന്റെ കുറിപ്പ് ആരംഭിക്കുന്നത്.മിസ്സിംഗ് കേസുകൾ കണ്ടെത്തുന്നതിൽ 86 ശതമാനവും, ചൈൽഡ് മിസ്സിംഗ് കേസുകളിൽ 93.3 ശതമാനവുമാണ് കേരളപോലീസിന്റെ ശരാശരി.

കേരളത്തെ ഞെട്ടിച്ച നരബലി ഉൾപ്പെടെ പല കേസുകളുടെയും അന്വേഷണത്തിന് തുടക്കം മിസ്സിംഗ് കേസ് ആണെന്നതിൽ തന്നെ കേരള പോലീസ് ഇത്തരം കേസുകൾക്ക് നൽകുന്ന പ്രധാന്യം മനസിലാക്കാം. മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ തന്നെ സ്റ്റേഷൻ എസ്എച്ച്ഒ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഊർജ്ജിത നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിക്കുന്നു. വിവരം സബ് ഡിവിഷണൽ ഓഫീസർ, ജില്ലാ പോലീസ് മേധാവികൾ തുടങ്ങി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയും അതാത് ജില്ലാ പോലീസ് കൺട്രോൾ റൂമിലും വിവരം ഉടൻ റിപ്പോർട്ടും ചെയ്യുന്നു.എഫ്ഐആർ എടുത്തിട്ട് 15 ദിവസങ്ങൾക്ക് ശേഷവും കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ ജില്ലകളിലും ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ/ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള ഡിസ്ട്രിക്റ്റ് മിസ്സിം​ഗ് പേഴ്സൺ ട്രേസിം​ഗ് യൂണിറ്റ്(DMPTU) അന്വേഷണം ഏറ്റെടുക്കുന്നു.

കാണാതായവർ കുട്ടികളോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ അവിവാഹിതരോ ആണെങ്കിൽ അതീവ ഗുരുതര കുറ്റകൃത്യങ്ങളുടെ പ്രാധാന്യം തന്നെയാണ് മിസ്സിംഗ്‌ കേസുകളിലും പോലീസ് ഉറപ്പാക്കുന്നത്. മിസ്സിംഗ്‌ കേസുകളിൽ ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ അന്വേഷണം നടക്കുന്നുവെന്ന് അതാത് ജില്ലാ പോലീസ് മേധാവികൾ നേരിട്ട് വിലയിരുത്തി ഉറപ്പുവരുത്തുന്നു. റേഞ്ച് ഓഫീസർമാരും മേഖലാ ഐജിമാരും തങ്ങളുടെ ദൈനംദിന നിർദ്ദേശങ്ങളിലും കുറ്റാവലോകന യോഗങ്ങളിലും മിസ്സിംഗ് കേസുകൾ കൃത്യമായി വിലയിരുത്തുന്നുണ്ട് എന്നും കേരളാ പോലീസ് പറഞ്ഞു.

Related Articles

Latest Articles