സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (ജൂലൈ 22) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മണ്‍സൂണ്‍ പാത്തി നിലവില്‍ സാധാരണ സ്ഥാനത്ത് സ്ഥിതി ചെയുന്നു. അടുത്ത 24 മണിക്കൂര്‍ കൂടി നിലവിലെ സ്ഥാനത്തു തുടര്‍ന്നശേഷം പതിയെ തെക്കോട്ടു മാറിയേക്കാം. കൂടാതെ കര്‍ണാടക മുതല്‍ കോമറിന്‍ വരെ ന്യുനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.
ജൂലൈ 25 വരെ കന്യാകുമാരി തീരത്തും ഇന്ന് ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം, തെക്ക്- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് -പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും നാളെ തെക്ക്- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് -പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജൂലൈ 24 ന് തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളിലും ജൂലൈ 25 ന് ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കന്യാകുമാരി തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

