മലയാളിയുടെ മനസ്സിലെ അര്‍ത്ഥദീര്‍ഘമായ ആ ദ്വയാക്ഷരം കാലം കവിഞ്ഞു… അക്ഷരങ്ങളുടെ കടലാണ് മലയാളിക്ക് എം ടി വാസുദേവന്‍ നായര്‍.കുറച്ചുവായിക്കുന്നവരും ഒരുപാട് വായിക്കുന്നവരും ഒരിക്കലെങ്കിലും വായിച്ചിരിക്കുമെന്ന് ഉറപ്പുള്ള കഥാകാരന്‍. മാതൃഭൂമി നടത്തിയ ലോകചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് എം ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ സാഹത്യലോകത്തിലേക്കുള്ള തന്റെ വരവറിയിക്കുന്നത്.വളര്‍ത്തു മൃഗങ്ങള്‍ എന്ന ചെറുകഥയായിരുന്നു അന്ന് പിറന്നത്. അവിടെ നിന്ന് മലയാളത്തിന്റെ സ്വന്തം എം.ടിയിലേക്ക് അദ്ദേഹം നടന്നു തീര്‍ത്തത് ചെറുകഥാകൃത്തില്‍ നിന്ന് തിരക്കഥകൃത്തിലേക്കുള്ള ദൂരമായിരുന്നു.തൊട്ടതെല്ലാം പൊന്നാക്കുക എന്ന പ്രയോഗത്തിന് മലയാളത്തിലെ പര്യായമാവുകയായിരുന്നു എം ടി എന്ന രണ്ടക്ഷരം.

ആദ്യനോവലിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡും ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും നേടിയ പ്രതിഭയെ മറ്റെങ്ങിനെയാണ് വിശേഷിപ്പിക്കാനാവുക. മലയാള സാഹിത്യത്തിലും സിനിമാ ലോകത്തും ഒരുപാട് തിരകളുണ്ടാക്കിയ എഴുത്തിന്‍റെ ഒരു കടല്‍ തന്നെയാണ് എം.ടി വാസുദേവന്‍ നായര്‍. ചെറുകഥകളിലൂടെയും നോവലുകളിലൂടെയും തിരക്കഥകളിലൂടെയുമൊക്കെ വള്ളുവനാടന്‍ മിത്തുകളും ശൈലികളും മലയാളികള്‍ക്ക് പകര്‍ന്നു തന്ന കഥാകാരന്‍. അത്രയും ദൃഢവും ശക്തവുമായിരുന്നു അദ്ദേഹത്തിന്‍റെ കഥകള്‍. തന്‍റെ കുടുംബത്തില്‍ നിന്ന് തന്നെ സൃഷ്‌ടിക്കപ്പെട്ടതാണ് കുട്ട്യേടത്തിയും ഭ്രാന്തന്‍ വേലായുധനും ലീലയുമൊക്കെ. അവയില്‍ പല കഥാപാത്രങ്ങളും നമ്മുടെയൊക്കെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയവയാണ്. എം ടി കഥകളില്‍ പലതിലും നഷ്‌ട പ്രണയും ദാരിദ്ര്യവും വ്യക്തി ബന്ധങ്ങളുണ്ടായ വിളളലുമൊക്കെ നിറഞ്ഞു നില്‍ക്കുന്നുവയാണ്. ഏഴ് പതിറ്റാണ്ടിലേറെയായി തുടര്‍ന്നിരുന്ന എഴുത്തു ജീവിതമായിരുന്നു എം. ടി വാസുദേവന്‍ നായരുടേത്. അതില്‍ ചെറുകഥകളും നോവലുകളും ലേഖനങ്ങളും സിനിമകള്‍ വരെ ഉണ്ട്.
1960 കളിലാണ് എംടി വാസുദേവന്‍ നായര്‍ സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. പുരാണങ്ങളും ഐതിഹ്യങ്ങളും തൊട്ട് സമകാലികവും സാര്‍വലൗകികവുമായ പ്രമേയങ്ങളും ഇതിവൃത്തങ്ങളെയും ആസ്‌പദമാക്കി എഴുപതിലേറെ തിരക്കഥകള്‍ അദ്ദേഹത്തിന്‍റെ തൂലികയിലൂടെ പിറന്നിട്ടുണ്ട്. മാത്രമല്ല മലയാള സിനിമയിലെ പല തലമുറകളുമായുള്ള കൂട്ടുക്കെട്ടുകള്‍. എ വിന്‍സെന്‍റ് പി ഭാസ്‌കരന്‍, കെ എസ് സേതുമാധവന്‍, പി എന്‍ മനോന്‍, എന്‍ എന്‍ പിഷാരടി എന്നിവരോടൊപ്പം എം. ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ വി ശശി, ഹരിഹരന്‍, ഭരതന്‍ എന്നീ സംവിധായകരോടൊപ്പവും. പിന്നീട് പ്രതാപ് പോത്തന്‍, ഹരികുമാര്‍, വേണു, കണ്ണന്‍ എന്നിങ്ങനെ ഒട്ടേറെ സംവിധായകരോടൊപ്പം ആ വിഖ്യാത എഴുത്തുക്കാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം.ടി വാസുദേവന്‍ നായര്‍ കൂട്ടുകൂടി.

എഴുപതിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്‌തത് ആറ് ചിത്രങ്ങളാണ്. സിനിമാറ്റിക് ആയ എഴുത്തും സാഹിത്യച്ചുവയുള്ള സിനിമയുമാണ് എം.ടിയുടേത്. 1965 ല്‍ മുറപ്പെണ്ണിന്‍റെ തിരക്കഥ എഴുതികൊണ്ടാണ് എം.ടി സിനിനാ രംഗത്തേക്ക് എത്തുന്നത്. പത്തോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതിന് ശേഷമാണ് സംവിധാനത്തിലേക്ക് എംടി എത്തുന്നത്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്‌ത ചെറുപുഞ്ചിരി 2000 ലാണ് പുറത്തിറങ്ങിയത്. 1980 കളിലാണ് എംടി വാസുദേവന്‍ നായര്‍ സിനിമയില്‍ സജീവമായിരുന്ന വര്‍ഷം. കന്യാകുമാരി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഓപ്പോള്‍, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, തൃഷ്‌ണ, വാരിക്കുഴി, വെള്ളം, ഉയരങ്ങളില്‍, അക്ഷരങ്ങള്‍, ആരുഢം, മഞ്ഞ്, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഇടനിലങ്ങള്‍, അനുബന്ധം, രംഗം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അഭയം തേടി, എന്ന് സ്വന്തം ജാനകിക്കുട്ടി, അമൃതംഗമയ, മിഥ്യ, ആരണ്യകം, താഴ്‌വാരം, ഋതുഭേദം, വേനല്‍ക്കിനാവുകള്‍, വിത്തുകള്‍, ഉത്തരം, മനോരഥങ്ങള്‍ തുടങ്ങിയവയാണ്.
ഇപ്പോൾ ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളിൽ എല്ലാം ‘ഉയരങ്ങളിൽ’ എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നൽകിയ എഴുത്തിന്റെ ‘ഓളവും തീരവും’ ഇനി എന്നേക്കും അക്ഷരലോകത്ത് ഓർമ്മയായി നിലകൊള്ളും.

