Saturday, May 4, 2024
spot_img

സംസ്ഥാനത്തെ അങ്കണവാടികളും സ്കൂളുകളും നാളെ തുറക്കും: ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതിൽ കൂടുതൽ ചർച്ച; ഇന്ന് ഉന്നതതലയോഗം ചേരും

തിരുവനന്തപുരം: കൊവി‍ഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള വിദ്യാര്‍ഥികൾക്ക് ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും. എന്നാൽ സ്കൂളുകൾ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയിൽ മാറ്റമുണ്ടാകില്ല.

ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള വിദ്യാര്‍ഥികൾക്ക് ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രീതി പ്രകാരം ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഡിജിറ്റൽ- ഓൺലൈൻ ക്ലാസുകളും ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.

ഇന്ന് ഉന്നതതല യോഗം ചേരും. തുടർന്ന് ചൊവ്വാഴ്ച്ച അധ്യാപകസംഘടനകളുമായും സർക്കാർ ചർച്ച നടത്തും. ശേഷമേ മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്കൂളിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല വൈകിട്ട് വരെയുള്ള ക്ലാസിന്റെ കാര്യം യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഷിഫ്റ്റ് സമ്പ്രദായം അനുസരിച്ച് ആദ്യ ആഴ്ച ഉച്ചവരെ മാത്രമാകും ക്ലാസ് ഉണ്ടാകുക.
ഓൺലൈൻ ക്‌ളാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവർത്തിക്കാൻ വനിത ശിശുവികസന വകുപ്പാണ് തീരുമാനമെടുത്തത്. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്നതിനാലാണ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

Related Articles

Latest Articles