Saturday, May 18, 2024
spot_img

വൻ പടയൊരുക്കം, വ്യോമാക്രമണ സാധ്യത; യുദ്ധ ഭീതിയിലായ യുക്രൈനിൽ നിന്ന് പൗരന്മാരെ അടിയന്തിരമായി ഒഴിപ്പിക്കാൻ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ

റഷ്യൻ പടയൊരുക്കങ്ങളുടെ പശ്ചാത്തലത്തിൽ യുക്രൈൻ ആക്രമണഭീതിയിലെന്ന് അമേരിക്കൻ മുന്നറിയിപ്പ്. യുദ്ധ സാധ്യത റഷ്യ തള്ളുമ്പോഴും ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുക്രൈൻഉടൻ ആക്രമിക്കപ്പെടും എന്നാണ് അമേരിക്കൻ വിലയിരുത്തൽ. അമേരിക്കൻ നയതന്ത്ര കാര്യാലയത്തിലെ അടിയന്തിര വിഭാഗം ജീവനക്കാരൊഴികെ യുക്രൈനിലെ മുഴുവൻ അമേരിക്കൻ പൗരന്മാരോടും അടുത്ത 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയ്ക്ക് പുറമേ ഇംഗ്ലണ്ട്, ജര്‍മനി, ആസ്ത്രേലിയ, ഇറ്റലി, ഇസ്രായേല്‍, നെതര്‍ലാന്‍സ്, ജപ്പാന്‍, ബെല്‍ജിയം, സ്വീഡന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് മടങ്ങാന്‍ ആവശ്യപ്പെട്ടു. കാനഡ എംബസി ഉദ്യോഗസ്ഥരെ പോളണ്ട് അതിര്‍ത്തിയിലെ ലിവിവിലേക്ക് മാറ്റി. യുക്രൈന്‍റെ അതിർത്തിയിൽ റഷ്യ 100000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. വ്യോമാക്രമണ ഭീഷണിയാണ് യുക്രൈൻ നേരിടുന്നത്. അതിനാലാണ് ലോകരാജ്യങ്ങൾ അടിയന്തിരമായി പൗരന്മാരെ ഒഴിപ്പിക്കാൻ തയ്യാറെടുക്കുന്നത്

എന്നാല്‍ അമേരിക്ക യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചു. പ്രകോപനപരമായ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റഷ്യ ആവശ്യപ്പെട്ടു. ശീതയുദ്ധകാലത്തിനുശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ സംഘർഷ സാഹചര്യം ലഘൂകരിക്കാനായി നയതന്ത്ര നീക്കങ്ങളും ഊർജിതമായി. ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ ഇരുപത്തയ്യായിരത്തോളം ഭാരതീയർ യുക്രൈനിലുണ്ടെന്നാണ് സൂചന.

Related Articles

Latest Articles