Tuesday, April 23, 2024
spot_img

സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചു; കേരള-തമിഴ്‌നാട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള സര്‍വീസുകള്‍ നാളെ പുനരാരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

കൂടാതെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം. കേരളത്തിലെ കോവിഡ് കേസുകള്‍ നിലവില്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

അതേസമയം കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ക്ക് കേരളം നേരത്തെ അനുമതി നല്‍കിയിരുന്നു. അതിനിടെ കര്‍ണാടകയിലെ കോവിഡ് നിയന്ത്രണം കര്‍ശനമാക്കിയതോടെ തലപ്പാടി അതിര്‍ത്തിയില്‍ വാഹന പരിശോധനയ്ക്കായി കൂടുതല്‍ പലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്.

മാത്രമല്ല ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും തലപ്പാടിയില്‍ നിന്ന് കര്‍ണാടകയിലേക്ക് ഇന്നലെ ആളുകളെ കടത്തിവിട്ടിരുന്നു. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ ഇന്നുമുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles